കവി തിലകം പണ്ഡിറ്റ് കെ.പി. കറുപ്പന് മാസ്റ്ററുടെ 136-ാം ജന്മദിനമാണ് ഇന്ന്. എറണാകുളത്തെ ഒരു വാല കുടുംബത്തില്‍ പിറന്ന കറുപ്പന് പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദമായി ഉയര്‍ന്നു. സംസ്കൃത പഠനത്തിലൂടെ ഉയരത്തിലെത്തുകയും ജന്മസിദ്ധമായ കവിത്വ സിദ്ധിയിലൂടെ സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അധഃകൃതര്‍ക്കുവേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്ത വിദ്യാഭ്യാസ വിചക്ഷണനും ധീരനായ സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു കറുപ്പന് മാസ്റ്റര്‍.
കൊടുങ്ങല്ലൂര്‍ കോവിലകത്തെ കവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശിക്ഷണമാണ് കറുപ്പനിലെ കവിയെ പരിപോഷിപ്പിച്ചത്. അദ്ദേഹം തന്നെയാണ് കൊച്ചി മഹാരാജാവിന് പരിചയപ്പെടുത്തിയതും. കൊച്ചിരാജ്യത്തെ സര്‍ക്കാര്‍ സ്കൂളില്‍ സംസ്കൃതാധ്യാപകനായ കറുപ്പന് മാസ്റ്റര്‍ക്ക് തന്റെ നാനാവിധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു അത്. സവര്‍ണ വിദ്യാര്‍ഥിനികള്‍ പഠിച്ചിരുന്ന ആ സ്കൂളില്‍ അധഃസ്ഥിതനായ കറുപ്പന് മാസ്റ്ററെ മഹാരാജാവ് നിയമിച്ചത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല. പഠിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് സ്കൂള്‍ വിട്ടുപോകാമെന്ന മഹാരാജാവിന്റെ കല്പന വന്നതോടെയാണ് ആ എതിര്‍പ്പ് അലിഞ്ഞുപോയത്. 1916 ല്‍ അദ്ദേഹം തൃശൂരിലും അധ്യാപകനായി. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിലും അധ്യാപകനായി. കോളേജ് മാഗസിനില്‍ ഒരു കവിത നല്കാന് അന്നവിടെ വിദ്യാര്‍ഥിയായിരുന്ന മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള കറുപ്പന് മാസ്റ്ററുടെ വീട്ടില്‍ വന്ന കാര്യം പിന്നീട് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
കൊച്ചി രാജ്യത്തെ നിയമസഭാംഗമായതോടെയാണ് കറുപ്പന് മാസ്റ്ററുടെ പ്രവര്‍ത്തനമണ്ഡലം വിപുലീകൃതമായത്. എംഎല്‍സി (മെമ്പര്‍ ഓഫ് ലജിസ്ട്രേറ്റീവ് കൗണ്‍സില്‍) എന്ന നിലയില്‍ രണ്ടാമൂഴം കിട്ടിയപ്പോള്‍ അത് തനിക്ക് വേണ്ടെന്നും അത് തങ്ങളെപ്പോലെ അധഃസ്ഥിതരായ സമുദായാംഗത്തിനു നല്‍കണമെന്നും പറയാന്‍ കറുപ്പന് മാസ്റ്റര്‍ കാട്ടിയ ആര്‍ജവം ശ്രദ്ധേയമായി. ആ തീരുമാനമാണ് ജന്മി സമ്പ്രദായത്തിന്റെ കിരാതന മര്‍ദ്ദനമുറകളും പീഡനങ്ങളും അനുഭവിച്ചു തളര്‍ന്ന അധഃസ്ഥിത സമുദായാംഗങ്ങളുടെ പ്രതിനിധിയായി പി.സി.ചാഞ്ചനെ കൊച്ചി നിയമസഭയില്‍ എത്തിച്ചത്. രണ്ടാമത്തെ പ്രതിനിധിയായി എത്തിയത് കെ.പി.വള്ളാനായിരുന്നു.
എറണാകുളത്ത് കരയില്‍ ഇറങ്ങാനോ വഴി നടക്കാനോ അവകാശമില്ലാതിരുന്ന അധഃസ്ഥിതര്‍ക്ക് യോഗം ചേരാന്‍ ഇടമില്ലാതായപ്പോള്‍ കായലില്‍ വള്ളം ഇണച്ചുകെട്ടി അതില്‍ യോഗം ചേരാന്‍ പ്രോത്സാഹിപ്പിച്ചത് കറുപ്പന് മാസ്റ്ററായിരുന്നു. മറ്റൊരിക്കല്‍ എറണാകുളത്ത് കാര്‍ഷിക പ്രദര്‍ശനം നടക്കുമ്പോള്‍ അവര്‍ നട്ടു നനച്ചുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്ശിപ്പിക്കുവാന് അവര്‍ക്കനുവാദമില്ലായിരുന്നു. പക്ഷേ, അന്നത്തെ കൊച്ചി ദിവാന് ജെ. ഡബ്ല്യു. ഭോറിനെ പ്രേരിപ്പിച്ച് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടി കൊണ്ടുവരാന്‍ അനുമതി തേടിയതും പണ്ഡിറ്റ് കറുപ്പന്റെ മികവായിരുന്നു.
തിരുവിതാംകൂറും കൊച്ചിയും മലബാറും വേറിട്ടു നിന്നതുകൊണ്ട് കൊച്ചി രാജ്യത്ത് പ്രവര്‍ത്തിച്ച കെ.പി. കറുപ്പന് മാസ്റ്റര്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തി നേടാനായില്ല. മഹാകവി കുമാരനാശാന് ദുരവസ്ഥ എഴുതുന്നതിനും ഏഴെട്ടുവര്‍ഷം മുന്‍പ് കറുപ്പന് മാസ്റ്റര്‍ ‘ജാതികുമ്മി’ എഴുതി പ്രസിദ്ധീകരിച്ചെങ്കിലും അതിനര്‍ഹമായ പരിഗണന ലഭിക്കാതെ പോയി.
ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി;
നീക്കി നിറുത്താമോ സമസൃഷ്ടിയെ ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ – തീണ്ടല്
ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണേ!
എന്ന് കൊല്ലവര്‍ഷം 1096ല്‍ കറുപ്പന് മാസ്റ്റര്‍ മനംനൊന്ത് പാടിയത് കഠിനമായ ജാതിവ്യവസ്ഥയുടെ നീറുന്ന അനുഭവങ്ങളോടെയാണ്. ജാതിക്കുമ്മിക്ക് പുറമെ, ഉദ്യാനവിരുന്നും വള്ളോര്‍ക്കവിതയുമാണ് അദ്ദേഹത്തിന്റെ മറ്റു ഖണ്ഡകാവ്യങ്ങള്‍. ബാലാകലേശം നാടകത്തിന് പുറമെ സ്വസമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ രചിച്ച ആചാരഭൂഷണവും ശ്രദ്ധേയമാണ്. അദ്ദേഹത്തെ മനസ്സിലാക്കാനോ അര്‍ഹമായ പരിഗണന നല്‍കാനോ നമുക്കായിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരളത്തിലെ മലയാള പാഠ്യപദ്ധതിയിലൊന്നും അദ്ദേഹത്തിന്റെ രചനകള്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നത് അതിശയകരമാണ്. ഈ 136-ാം ജന്മദിനത്തിലെങ്കിലും അതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്.
പൂന്തുറ ശ്രീകുമാര്‍
പ്രസിഡന്റ്
പണ്ഡിറ്റ് കറുപ്പന് സാംസ്കാരിക സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: