നമ്മള് യാത്ര തുടരുകയാണ്
മമ്മൂട്ടി
ലാലിന്റെ ജന്മദിനമാണിന്ന്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏതാണ്ട് 35 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റില്‍വച്ചാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ, ഇന്നുവരെ. എന്റെ സഹോദരങ്ങള്‍ എന്നെ വിളിക്കും പോലെയാണ് ലാല്‍ എന്നെ സംബോധന ചെയ്യുന്നത്-ഇച്ചാക്ക. പലരും അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളാണാണെന്ന തോന്നല്‍.
സിനിമയില്‍ വരുന്ന കാലത്ത് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പേരായിരുന്നു. എന്നു പറഞ്ഞാല്‍ രണ്ടുപേരുകളേയും ചേര്‍ത്ത് ഒരു പേര്. അന്ന് നമ്മോടൊപ്പം വന്ന ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. കൂടെ അഭിനയിച്ചവരുണ്ടായിരുന്നു. ഇന്നും ഉണ്ട്. അന്ന് നമ്മള് സിനിമയോട് ഗൗരവ സമീപനം ഉള്ളവരായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെ ആയിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. എന്നാല്‍ സിനിമ എന്ന തൊഴിലിനെ വളരെ ഗൗരവത്തോടെയാണ് നമ്മള് സമീപിച്ചത്. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ സമയത്തുമാത്രം പഠിക്കുന്നതുപോലെ തൊഴിലില്‍ മാത്രമേ നമ്മള് ശ്രദ്ധകേന്ദ്രീകരിച്ചൊള്ളൂ. അങ്ങനെയുള്ള പരീക്ഷകളില്‍ സാമാന്യം നല്ല മാര്‍ക്കു കിട്ടി. അതുകൊണ്ടാണ് നമ്മള്, ജനങ്ങള്‍ ഇത്രയൊക്കെ സ്നേഹിക്കുകയും വാഴ്ത്തുകയും ഒക്കെ ചെയ്യുന്ന നടന്മാരായത്.
അതിനു ശേഷമുളള നമ്മുടെ യാത്ര, വളരെ നീണ്ട ഒരു യാത്രയാണ്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും നേരിട്ടു കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു പോകുന്നത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മോളുടെ വിവാഹം, മോന്റെ വിവാഹം ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെയാണ് നടത്തിതന്നത്. അപ്പു ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, എന്റെ പ്രാര്‍ത്ഥന കൂടെ കൊണ്ടുപോയി.
അതിനപ്പുറത്തേക്ക്, സിനിമയില്‍ കാണുന്ന നടന്മാര് എന്നതിനപ്പുറത്തേക്ക് നമ്മള് തമ്മിലുള്ള വലിയ സൗഹൃദം വളര്‍ന്നിരുന്നു. അത് നമ്മുടെ യാത്രയില്‍ മറക്കാത്ത, ഇനിയും മറക്കാനാവാത്ത, മറന്നുകൂടാത്ത ഒരുപിടി കാര്യങ്ങള്‍ ഉണ്ട്. ഈ യാത്ര നമുക്ക് തുടരാം. ഇനിയുള്ള കാലം, ഇനി എത്രകാലം എന്നത് നമുക്കറിയില്ല. പക്ഷേ നമ്മള് യാത്ര ചെയ്യുകയാണ്. പുഴ ഒഴുകും പോലെ, കാറ്റ് വീശും പോലെയായിരുന്നു നമ്മുടെ യാത്ര. നമ്മുടെ ജീവിതാനുഭവങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനുമുള്ള പാഠങ്ങളാകട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിന ആശംസകള്‍.
വിസ്മയങ്ങളുടെ കലവറയായ നടന്
വി. മുരളീധരന്
മോഹന്‍ലാല്‍ എന്ന വിസ്മയത്തിന് ഇന്ന് അറുപതിന്റെ നിറവ്. പരിചയപ്പെട്ട എല്ലാവര്ക്കും വിസ്മയങ്ങളുടെ കലവറയായ പ്രിയ കലാകാരന്.
മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഏറെയിഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇത്ര അനായാസമായി കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക്, കൂടുവിട്ട് കൂടുമാറുന്ന ജാലവിദ്യയറിയാവുന്ന മറ്റൊരു മനുഷ്യനുണ്ടോയെന്ന് ഓരോ സിനിമയിലും നമുക്ക് തോന്നിപ്പോകും.
എത്ര ലക്ഷണമൊത്ത നടനാണെങ്കിലും ഈ കൂടുമാറ്റം നടത്തുമ്പോള്‍ തന്റെ പൊതുവായ അഭിനയ ശൈലി അറിയാതെയാണെങ്കിലും എവിടെയെങ്കിലും കയറിക്കൂടും. പക്ഷേ മോഹന്‍ലാല്‍, നമ്മെ അവിടെയും ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ലാല്‍ എന്ന താരത്തെക്കാള്‍ ലാല്‍ എന്ന നടന് ഒരു പകരക്കാരനില്ല.
ഇതിനെല്ലാമപ്പുറം മോഹന്‍ലാല്‍ എന്ന മനുഷ്യനെ അടുത്തും അകന്നും നിന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തികച്ചും രാജ്യസ്നേഹിയായ ഒരു സാധാരണക്കാരന്റെ മനസ്സും അദ്ദേഹത്തിനുണ്ട്. താരപ്രഭ കൊണ്ടു മാത്രമല്ല, ആ രാജ്യസ്നേഹം കൂടി തിരിച്ചറിഞ്ഞാണ് ടെറിറ്റോറിയല്‍ ആര്‍മി അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി സമ്മാനിച്ചത്. അതിനായി മോഹന്‍ലാല്‍ നടത്തിയ കഠിനാധ്വാനം രാജ്യസ്നേഹിയായ ഏതൊരു പൗരനും മാതൃകയാണ്. ഇന്ത്യന്‍ സൈന്യത്തിന് ലാല്‍ നല്കിയ ഊര്‍ജം വിലപ്പെട്ടതാണ്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്നവരിലൊരാളാണ് ലാല്‍. ലാലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, പൊരുതാനുള്ള മനസ്സും ജീവിതത്തിലെ സുതാര്യതയുമാണ് ഹൃദയംകൊണ്ട് ഇരുവരേയും അടുപ്പിച്ചത്.
ലാല്‍ എന്ന മനുഷ്യനെപ്പറ്റി അദ്ദേഹത്തെ അടുത്തറിഞ്ഞ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വേദനകള്‍ കാണുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന സാധാരണക്കാരനാണ് അദ്ദേഹമെന്ന്. ആ സാന്ത്വനം എത്രയോ പേര്‍ക്ക് ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പായെന്ന് പുറംലോകം ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്. എത്രയോ പേര്‍ക്ക് ജീവിതത്തിലേക്കുള്ള വെളിച്ചമാകാന്‍ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ട്.
ലാല്‍ എന്ന നടന്, ലാല്‍ എന്ന മനുഷ്യന്, ലാല്‍ എന്ന രാജ്യസ്നേഹിക്ക് ഇങ്ങനെയൊക്കെയേ ആകാന്‍ കഴിയൂ… മലയാളികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും ഇതേപോലെ തന്നെ ഞങ്ങളില്‍ ഒരാളായി തുടരുക. പ്രിയ മോഹന്‍ലാലിന് എല്ലാവിധ ജന്മദിനാശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ഇങ്ങനെയൊരു നടനപ്രവാഹം, ഭാഗ്യം
മഞ്ജു വാര്യര്‍
മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍, ആകാശംതൊടുന്ന കൊടുമുടി, തപോവനത്തിലെ വലിയ അരയാല്‍, മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപി
ക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ.
ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്ക്കാന് സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പി
ന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ… നിരന്തരം… ഒരുപാട് കാലം…
നാടിന്റെ ചരിത്രമായി മാറിയ നടന്
കുമ്മനം രാജശേഖരന്
മലയാളത്തിന്റെ മഹാനടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്! പ്രതിഭാധനനായ മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി ജനമനസ്സില്‍ ആഹ്ലാദവും ആവേശവും തിരതല്ലുന്ന അനര്‍ഘ നിമിഷമാണ്. അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും അദ്ദേഹത്തിന് സ്വന്തമാണ്. ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി മാറ്റിവച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജനമനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41-ാം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായ്യില് ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായി.
അഭിനയ കാലയളവില്‍ ഉണ്ടായ വഴിത്തിരിവുകള്‍, സംഭവ വികാസങ്ങള്‍, ചലനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമേറിയ നാള്‍വഴികള്‍ ഒരു നാടിന്റെ മുഴുവന്‍ ചരിത്രമായി മാറുകയായിരുന്നു?
അനശ്വരനായ കലാ സമ്രാട്ടിന് മുഖത്തിളക്കം നല്കുന്ന ലഫ്റ്റനന്റ് കേണലും പദ്മഭൂഷണും ഇനിയും ഉയരങ്ങളിലേക്ക് കടന്നുകയറാനുള്ള പടവുകളാണ്. ലോകത്തിന്റെ അഭിമാനമായി അജയ്യ സാരഥിയായി വിളങ്ങട്ടെ ജനങ്ങളുടെ ലാലേട്ടന്. ഹൃദയംഗമമായ അറുപതാം ജന്മദിനാശംസകള്.
ഇനിയും ഒട്ടനവധി ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കട്ടെ, ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ഉറങ്ങും മുന്‍പ് ധാരാളം മൈലുകള്‍ താണ്ടാനുണ്ട് എന്നായിരുന്നു ഇഷ്ട സുഹൃത്ത് പ്രിയദര്ശന് ഫേസ് ബുക്കില്‍ കുറിച്ചത്. മോഹന്‍ലാലിനൊപ്പം ഷര്‍ട്ടിടാതെ നില്ക്കുന്ന ചിത്രമുള്ള പോസ്റ്റിലൂടെ ദീര്‍ഘായുസ്സും ഈശ്വരാനുഗ്രഹവും പ്രിയ ലാലുവിന് പ്രിയന് നേരുകയും ചെയ്തു.
ലോക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലിരിക്കുന്ന ചിത്രത്തോടൊപ്പം പ്രിയപ്പെട്ട ലാലിന് സുരേഷ് ഗോപി ഒരായിരം ജന്മദിനാശംസകള് നേര്‍ന്നു.
ജയറാമും പൃഥ്വിരാജും അവര്‍ മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം ലാലേട്ടന് പിറന്നാള്‍ ആശംസിച്ചു. മോഹന്‍ലാലിന്റെ വിവിധ കഥാപാത്രങ്ങളെ കാരിക്കേച്ചര്‍ ചെയ്താണ് ദിലീപ് ആശംസിച്ചത്.
ഇനിയും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കട്ടെ
ജയസൂര്യ
അഭിനയിക്കുമ്പോള്‍ അഭിനേതാവിന്റെ ശരീരം, ആ കഥാപാത്രത്തിന്റെ ആത്മാവിനു ജീവിക്കാനുള്ള ‘Space’ ആയി മാറുന്നു.
ആ ‘Unseen Actor’ ആണ് പിന്നീട് എല്ലാം ചെയ്യുന്നത്.
ലാലേട്ടാ …..
ആ ‘Unseen Actor’ അങ്ങയിലൂടെ ഇനിയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കട്ടെ…
കലയെ ആത്മലയമാക്കിയ കലാകാരന്
പി.എസ്. ശ്രീധരന്‍പിള്ള
രാജ്യം കണ്ട മികച്ച കലാകാരന്മാരില് ഒരാളായ മോഹന്‍ലാലിന്റെ ജന്മദിനത്തില് ഹൃദയം നിറയുന്ന ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ മിസോറാമില്‍ നിന്ന് ഇന്ന് അദ്ദേഹത്തെ നേരില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. കലയെ ആത്മലയമാക്കി വിസ്മയം സൃഷ്ടിച്ച മഹാനായ കലാകാരന് മലയാള ക്കരയില്‍ നിന്ന് ഉയര്‍ന്ന് വന്നതില്‍ നമുക്ക് അഭിമാനിക്കാം. സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും അതുവഴി രാജ്യത്തിന്ന് മികച്ച സംഭാവനകളര്‍പ്പിക്കാന്‍ സാധിക്കുമാറാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഏറ്റവും മികച്ച നടനും സൂപ്പര്‍ സ്റ്റാറും
ബി. ഉണ്ണികൃഷ്ണന്
നാലു പതിറ്റാണ്ടുകള്‍ പിന്നിടുന്ന അഭിനയ ജീവിതം. മൂന്നു പതിറ്റാണ്ടിലേറെയായി, മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍ താരം. ഒരേസമയം നമ്മുടെ ഏറ്റവും മികച്ച നടനും ഏറ്റവും വലിയ സൂപ്പര്‍ താരവുമായിരിക്കുക എന്ന അസാധ്യതയെ പൂവിറുക്കുന്ന ലാഘവത്തോടെ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ്, മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം 60 എന്നത് അദ്ദേഹത്തിന്റെ യാത്രയിലെ ദൂരം കുറിച്ചിട്ടിരിക്കുന്ന ഒരു ദിശാസൂചി മാത്രം. പിറക്കാനിരിക്കുന്ന അത്ഭുതങ്ങളിലേക്കാണ് ആ ശരം തിരിച്ചു വെച്ചിരിക്കുന്നത്. ലാല്‍ സാര്‍, സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്.
ഒരു കുടിയന്റെ ജീവിതത്തില്‍ സംഭവിച്ചത്
മുരളി കുന്നുംപുറത്ത്
ഫുള്‍ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാല്‍… ‘ലാലേട്ടന്.’ മൂപ്പരുടെ പടം റിലീസിന്റെ അന്നുതന്നെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു പിടപ്പാണ് മനസ്സില്‍. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാര്‍ക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിക്കും. പടം ഇഷ്ടമായാല്‍ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കില്‍ കുടിച്ചു കുടിച്ച് ആ ദിവസം തീര്‍ക്കും. സങ്കടം തീരുവോളം കരയും.
ഒരിക്കല്‍ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാന്‍ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഇന്‍കമിംഗിനു വരെ ചാര്‍ജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാന്‍ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു… എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി. സിനിമ കണ്ടാല്‍ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും… വിളിച്ച് വിളിച്ച് വെറുപ്പിക്കും.
അങ്ങനെ പൊറുതിമുട്ടി ലാലേട്ടന് ആ നമ്പര്‍ മാറ്റി. പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു, എന്റെ കുടിയും. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാന്‍ ബിസിനസ്സ് തുടങ്ങി. ജീവിതം നേര്‍രേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്, സങ്കടപ്പെടുത്തിയിട്ടുണ്ട്. പലരെയും നേരിട്ടുകണ്ടും ഫോണ്‍ വിളിച്ചും മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷേ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല.
അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നിന്ന് ദുബായ് എയര്പ്പോര്ട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറെറ്റ്സിന്റെ ഫസ്റ്റ് ക്ലാസ്സ് ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ചെറിയൊരു കാറ്റുപോലെ എന്റെ അരികിലൂടെ ഒരാള്‍ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു-ലാലേട്ടന്!
അദ്ദേഹം മൂലയിലുള്ള ഒരു ചെയറില്‍ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നുപറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കാരണക്കാരനായതില്‍ സങ്കടമുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടന് എന്റെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞു ”മുരളീ… ഞാനെന്റെ ഒരു നമ്പറല്ലേ മാറ്റിയത്… മുരളി മാറ്റിയത് ജീവിതമാണ്… അതൊരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ…” ഇത്രയും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാന്‍ മദ്യപാനം നിര്‍ത്തിയ അന്നു മുതല്‍ ആഗ്രഹിച്ച സ്വപ്നം..
പിന്നെയൊരു ദിവസം ‘റാം’ സിനിമയുടെ ലൊക്കേഷനില്‍ കാണാന്‍ പോയപ്പോള്‍ എന്റെ ഫോണ്‍ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പര്‍ ഡയല് ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികള്‍ കാരണം ഫോണ്‍ നമ്പര്‍ മാറ്റിയ അദ്ദേഹം സ്വന്തം നമ്പര്‍ എനിക്ക് തന്നപ്പോള്‍ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു. ഒരു കുടിയന് തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തം… വിഷുവിനും കൊറോണക്കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു… ഉപദ്രവിച്ചവരെപ്പോലും സ്നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വര്‍ഷം ജീവിക്കാന്‍ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്തുകൊണ്ട് മോഹന്‍ലാല്‍ എന്നതിന് ഉത്തരം
പി. ശ്രീകുമാര്‍
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പഞ്ചായത്തിലെ ആദ്യ തീയേറ്റര്‍, വാകത്താനം അനുരാഗ് ഉദ്ഘാടനം ചെയ്യുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉദ്ഘാടന ചിത്രം. നാട്ടിലുള്ളവരെല്ലാം സിനിമയ്ക്ക് പോയി. പഠിച്ച പണിയൊക്കെ നോക്കിയിട്ടും അച്ഛന് അയഞ്ഞില്ല. അല്ലായിരുന്നെങ്കില്‍ ആദ്യം കണ്ട സിനിമ മോഹന്‍ലാലിന്റെ ‘കന്നി’ സിനിമ ആയേനെ. നാലു പതിറ്റാണ്ടു കാലത്തിനു ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടു. കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ അവസരം മുതലെടുത്ത് നെറ്റ്ഫഌക്സില്‍.
മോഹന്‍ലാലിന്റെ അദ്യ ചിത്രം, കാണുന്ന ആദ്യചിത്രമാകാനുള്ള അവസരം പോയെങ്കിലും മലയാളത്തിന്റെ പ്രിയ ലാലേട്ടനുമായി അടുത്തിടപെടാന്‍ കിട്ടയ അവസരങ്ങള്‍ മറക്കില്ല.
കാവാലം നാരായണപണിക്കര്‍ സാറിന്റെ സോപാനം നാടക കളരിയില്‍ വെച്ചാണ് പേരുപറഞ്ഞ് പരിചയപ്പെടുന്നത്. കര്‍ണ്ണഭാരം സംസ്കൃത നാടകത്തിന്റെ പരിശീലനത്തിലെത്തിയ മോഹന്‍ലാലിനെ കളരിചിട്ട പഠിപ്പിച്ചിരുന്ന ഗോപി ചേട്ടനാണ് പരിചയപ്പെടുത്തിയത്.
കോട്ടയത്ത ‘ജന്മഭൂമി’യുടെ പ്രഥമ സിനിമാ അവാര്‍ഡ് നിശയില്‍ മോഹന്‍ലാലായിരുന്നു ആകര്‍ഷക കേന്ദ്രം. പരിപാടിയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’യുടെ പ്രതിനിധിയെന്ന നിലയ്ക്ക് മോഹന്‍ലാലുമായി സംസാരിക്കാന്‍ അവസരം കിട്ടി. തൃശ്ശൂരില്‍ ജന്മഭൂമി അവാര്‍ഡ് നിശയ്ക്കെത്തിയപ്പോഴും സിനിമയ്ക്കു പുറത്തുള്ള മോഹന്‍ലാലിനെ അടുത്തറിയാന്‍ അവസരം കിട്ടി.
എന്തുകൊണ്ട് മോഹന്‍ലാല്‍ എന്നത് അറിഞ്ഞത് ജന്മഭൂമി ദുബായിയില്‍ നടത്തിയ ‘മോഹന്‍ലാലും കൂട്ടുകാരും’ മെഗാ ഷോ ആണ്. അരങ്ങില്‍ നടന വിസ്മയമായ മോഹന്‍ലാല്‍ എന്ന മഹാനടന് നിറഞ്ഞാടിയ മെഗാഷോ. മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്ന പരിപാടി. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത ഷോ അരനൂറ്റാണ്ടിന്റെ മലയാള സിനിമയുടെ ചരിത്രം പറയലുമായി.
മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകന്. കൂട്ടുകാരെ ഓരോരുത്തരെ സദസ്സിലേക്ക് ആനയിച്ചുകൊണ്ടുവന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്നേഹം ഒക്കെ വിശദീകരിക്കുക മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി. ബാക്ക് സ്റ്റേജിലെ മാനേജ്മെന്റ് ചുമതല എനിക്ക് ഉണ്ടായിരുന്നതിനാല്‍ ഒരോ ഇനത്തോടും മോഹന്‍ലാല്‍ എത്രമാത്രം പ്രതിബന്ധതയോടെയാണ് സമീപിച്ചതെന്ന് അടുത്തറിയാനായി.
കിരീടംവച്ച് ചെങ്കോലുമേന്തി
നവീന്‍ കേശവന്
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍, കമലദളങ്ങളില്‍…നവരസങ്ങളാടിയ മംഗലശ്ശേരി നീലകണ്ഠന്.കിരീടം വച്ച് ചെങ്കോലുമായി കണ്ണുകളെ നനയിച്ച സേതുമാധവന്…. അമേരിക്കയിലും ജംഗ്ഷനുണ്ടെന്ന് മലയാളിക്ക് കാണിച്ചു തന്ന ഡ്രൈവര്‍.തേന്മാവിന് കൊമ്പത്തിരുന്ന് കിളിച്ചുണ്ടന്‍ മാമ്പഴം നുകര്‍ന്ന, ഒടിയന്, പുലി മുരുകന്….വര്‍മ്മ സാറിനോട് തന്തയുടെ മാഹാത്മ്യം പറയുന്ന ലൂസിഫര്‍….ലാലേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇഷ്ടമാണ്, എല്ലാവര്ക്കും മോഹന്‍ലാലിനെ…സര്‍വ്വ മംഗളങ്ങളും….
ലാല്‍ മാനിയയ്ക്ക് മരുന്നില്ല
രാജഗോപാല്‍ രാമചന്ദ്രന്
മോഹന്‍ലാലിന്റെ റിലീസാവാത്ത സിനിമ തിരനോട്ടം ഷൂട്ട് ചെയ്ത 1978 ലാണ് ഞാന്‍ തിരുവനന്തപുരത്ത് റിലീസാവുന്നത്. എന്റെ തലമുറയില്‍പ്പെട്ട ഏതൊരു തിരോന്തരംകാരനെയുംപോലെ പിന്നെ ഇങ്ങോട്ടുള്ള സിനിമകാണല്‍ മോഹന്‍ലാല്‍ എന്ന അച്ചുതണ്ടില്‍ കേന്ദ്രീകരിച്ചുതന്നെയാണ്.
കുന്നുകൂഴി യുപിഎസ് സ്കൂളില്‍ പഠിക്കുമ്പോള്‍ സുഹൃത്തായ കൃഷ്ണകുമാര്‍ മിക്കവാറും സിനിമകള്‍ കാണും.അവന്റെ ഭാവാഭിനയത്തോടെയുള്ള കഥാവിവരണത്തിലൂടെയാണ് സാഗര്‍ ഏലിയാസ് ജാക്കിയെയും വിന്‍സെന്റ് ഗോമസിനെയും ശോഭരാജിനെയും പത്താമുദയത്തിലെ വിക്രമിനെയുമൊക്കെ അറിയുന്നത്. അടുത്ത വീടുകളില്‍ ഒന്നോ രണ്ടോ ദിവസം വാടകയ്ക്കെടുക്കുന്ന വി.സി.ആറില്‍ ദിവസവും മൂന്നോ നാലോ ചിത്രങ്ങളുടെ കാസറ്റ് ഇട്ട് കാണിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് വിന്‍സെന്റ് ഗോമസിനെയും സാഗര്‍ ഏലിയാസ് ജാക്കിയെയും ടിപി ബാലഗോപാലനെയുമുള്പ്പെടെയുള്ള മോഹന്‍ലാലിന്റെ ആദ്യകാല സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളെ കാണുന്നത്.
ടിവിയില്‍ ദേവാസുരവും കിലുക്കവും അങ്കിള്‍ ബണ്ണുമൊക്കെ എത്ര തവണ കണ്ടുവെന്നറിയില്ല. ആറാം തമ്പുരാനും നിര്‍ണ്ണയവും ഒളിമ്പ്യന്‍ അന്തോണി ആദവുമൊക്കെ രണ്ടോ മൂന്നോ തവണ തിയേറ്ററില്‍ തന്നെ കണ്ടിട്ടുണ്ടാവും.
2005 ല്‍ കല്യാണം കഴിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് നരന് റിലീസാവുന്നത്. കല്യാണം കഴിഞ്ഞ് താരയോടൊപ്പം കാണാന്‍ വേണ്ടി ആ സിനിമയുടെ ഫസ്റ്റ് ഷോ പെന്റിംഗില്‍ വയ്ക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് താരയോടൊപ്പം കണ്ട ആദ്യ ചിത്രം നരന് തന്നെയായിരുന്നു, ശ്രീകുമാറില്‍..
മദ്യപാനി എന്ത് ലോക്ക് ഡൗണാണെങ്കിലും മദ്യം സംഘടിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് പറഞ്ഞപോലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷോയുടെ ടിക്കറ്റ് എത്രകഷ്ടപ്പെട്ടായാലും മോഹന്‍ലാല്‍ മാനിയ ബാധിച്ച ഈ മനുഷ്യന് ഒപ്പിക്കുമെന്ന സത്യം താരയും പതുക്കെ തിരിച്ചറിഞ്ഞുതുടങ്ങി. ബിഗ് ബ്രദറും ലൂസിഫറും ഇട്ടിമാണിയും ഡ്രാമയും ഒടിയനുമൊക്കെ ആദ്യ ദിവസം ആദ്യ ഷോ തന്നെ ബുക്ക് ചെയ്യാന്‍ ബുക്ക് മൈഷോ സൈറ്റിന്റെ കീബോര്‍ഡിലും മൊബൈലിലെ കീപാഡിലും കൈ അമരുന്നതും ലാല്മാനിയ എന്ന അസുഖത്തിന് ഒരു മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ടാണ്..
മരയ്ക്കാറും റാമും ദൃശ്യത്തിന്റെ രണ്ടാം ഭാഗവും തിയേറ്ററില്‍ കാണേണ്ടിവരുമോ ഓണ്‍ലൈന്‍ സിനിമാ പ്ലാറ്റ്ഫോമില്‍ വീട്ടിലിരുന്ന് കാണേണ്ടിവരുമോ എന്ന് ചിന്തിക്കുന്ന പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: