മക്കളേ,
മറ്റുള്ളവരെക്കുറിച്ചു പലവിധത്തിലുള്ള പ്രതീക്ഷകള്‍ വച്ചുപുലര്ത്തിയിട്ട് അവ തകരുമ്പോള്‍ സ്വയം ദുഃഖിക്കുകയും അവരെ പഴിക്കുകയും ചെയ്യുന്നത് ലോകസ്വഭാവമാണ്. പ്രതീക്ഷ നമ്മുടെ ജീവിതപ്പാതയില്‍ വെളിച്ചം വിതറുന്ന വിളക്കാണ്. എന്നാല്‍ പ്രതീക്ഷകള്‍ പരാജയപ്പെടുമ്പോഴുണ്ടാകുന്ന ദുഃഖവും നിരാശയുമൊക്കെ അതിന്റെ കരിനിഴലുകളാണ്. വിളക്ക് നമുക്കു വേണം, ഒപ്പം നിഴല്‍ നമ്മുടെ പാതയില്‍ ഇരുള് പരത്താതെയും ഇരിക്കണം. അതു സാധിക്കുവാന്‍ സന്തുലിതമായ ജീവിതവീക്ഷണം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. ആന ആനയാണ്. മാക്രി മാക്രിയും. എന്നാല്‍ നമ്മുടെ വിലയിരുത്തലുകള്‍ തെറ്റിപ്പോകുമ്പോള്‍ നാം ആനയെ മാക്രിയാക്കും. മാക്രിയെ ആനയുമാക്കും. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ തകിടം മറിയുമ്പോള്‍ ഒപ്പം നമ്മളും തകര്‍ന്നുപോകും. അങ്ങനെ സംഭവിക്കാന്‍ ഇടവരുത്തരുത്. മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ നമ്മുടെ വിലയിരുത്തലുകള്‍ ഏതു നിമിഷവും തെറ്റിപ്പോകാം എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ നമ്മള് തയ്യാറാകണം.
ഒരാള്‍ക്ക് പണത്തിനു ബുദ്ധിമുട്ടു നേരിട്ടപ്പോള്‍ മുമ്പ് താന്‍ സഹായിച്ചിരുന്ന ഒരു പഴയ സുഹൃത്തിനോട് കടം ചോദിക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. ചിലപ്പോള്‍ സുഹൃത്ത് സന്തോഷപൂര്‍വ്വം അയാള്‍ ചോദിച്ചതിലധികം നല്കിയെന്നിരിക്കും. ചിലപ്പോള്‍ താന്‍ നിസ്സഹായനാണെന്നു പറഞ്ഞ് അയാള്‍ കൈമലര്ത്തിയേയ്ക്കാം. ചിലപ്പോള്‍ അയാള്‍ പറഞ്ഞേയ്ക്കാം, ‘ഞാന്‍ തന്നെ ഇപ്പോള്‍ പണത്തിന് വലിയ ബുദ്ധിമുട്ടിലാണ്. നിന്നോടു വന്നു ചോദിക്കാനിരിക്കുകയായിരുന്നു’ എന്ന്. ഇത്തരം സാദ്ധ്യതകള്‍ എല്ലാം മനസാ അംഗീകരിച്ചുകൊണ്ടു
പോയാല്‍ സുഹൃത്ത് നിരസിച്ചാലും നമ്മള് തകര്‍ന്നുപോകില്ല. മറിച്ച്, അമിതപ്രതീക്ഷയുമായിപ്പോയാല് നമ്മള് ദുഃഖിച്ചു തളരാം. അല്ലെങ്കില്‍ ക്രോധം കൊണ്ടു ജ്വലിക്കാം. അതിനാല്‍ ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി നീങ്ങുന്നവര്‍ ഒരിക്കലും അമിതപ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുകയില്ല. മറ്റുള്ളവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകും. മറ്റുള്ളവരെക്കുറിച്ച് തെറ്റായ പ്രതീക്ഷകളും ധാരണകളും നമ്മള് വച്ചുപുലര്‍ത്തുന്നതിനു കാരണം നമ്മുടെ തന്നെ പരിമിതമായ ബുദ്ധിയാണ്.
ഒരു സ്ര്തീ ഒരു നഴ്സറി ക്ലാസില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സാധാരണയായി ഓരോ വര്‍ഷവും സീസണ് മാറുന്ന സമയത്ത് പനിപോലെയുള്ള രോഗങ്ങള്‍ അധികമായി വ്യാപിക്കുന്നത് കാണാറുണ്ടല്ലോ. അങ്ങനെ പനി പടരുന്ന ഒരു സീസണില്‍ ഒരു കുട്ടി, ഡോക്ടര്‍മാര്‍ ഓപ്പറേഷന് ഉപയോഗിക്കുന്ന മുഖംമൂടി ധരിച്ച് ക്ലാസില്‍ വന്നു. ‘ഇതെന്താ ഈ കുട്ടിയ്ക്കുമാത്രം പനി പിടിക്കുമെന്ന് ഇത്ര പേടിയോ? ബാക്കി ഈ ക്ലാസില്‍ ഇരിക്കുന്ന ആര്‍ക്കുമില്ലാത്ത ഒരു പേടി’ എന്നിങ്ങനെ മനസ്സില്‍ വിചാരിച്ച് കുറച്ചൊരു പരിഹാസത്തോടെ അദ്ധ്യാപിക ആ കുട്ടിയോടു ചോദിച്ചു, ‘എന്താ കുട്ടീ, രോഗാണുക്കളെ ഇങ്ങനെ പേടിച്ചാല്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റുമോ?.’കുട്ടി എഴുന്നേറ്റുനിന്ന് ശാന്തമായി പറഞ്ഞു, ‘മിസ്സ്, എനിയ്ക്കു ജലദോഷമാണ്. മറ്റു കുട്ടികള്‍ക്കുകൂടി അത് പകരാതിരിക്കാനാണ് ഞാനിതു വച്ചിരിക്കുന്നത്.’
ഇതുപോലെ പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് തെറ്റായ ധാരണകളിലാണ് നമ്മള് എത്തിച്ചേരാറുള്ളത്. ഒരു പുസ്തകത്തിന്റെ കവര്‍ച്ചിത്രം കണ്ട് പുസ്തകം നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കുന്നതുപോലെയാണിത്. പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നതു മനുഷ്യസഹജമാണ്. എന്നാല്‍ പ്രതീക്ഷ നമ്മുടെ സൃഷ്ടിയാണെന്നും അത് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന കുമിള പോലെയാണെന്നും നമുക്ക് ഓര്‍മ്മ വേണം. സോപ്പു കുമിളയുണ്ടാക്കി കളിയ്ക്കുന്ന കുട്ടികള്‍ സൂര്യപ്രകാശത്തില്‍ മഴവില്ലുപോലെ തിളങ്ങുന്ന കുമിളകള്‍ ചുറ്റും ഒഴുകി നടക്കുന്നതു കണ്ട് ആഹ്ലാദിക്കുന്നു. അവ തകരുമ്പോള്‍ വീണ്ടും കുമിളകള്‍ ഉണ്ടാക്കി വിടുന്നതല്ലാതെ ഒരു കുട്ടിയും പൊട്ടിയ കുമിളകളെക്കുറിച്ചോര്ത്തു ദുഃഖിക്കാറില്ല. എല്ലാ കുട്ടികള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഈ വിവേകവും ഉത്സാഹവുമെല്ലാം കൂടുതല്‍ അറിവും ലോകപരിചയവുമുണ്ടെന്ന് അഭിമാനിക്കുന്ന മുതിര്‍ന്നവരില്‍ പലപ്പോഴും കാണാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ദുഃഖിച്ചതുകൊണ്ടുമാത്രം എന്തു പ്രയോജനമാണുള്ളത്. നമ്മള് പ്രതീക്ഷിച്ചതു പലതും കൈവിട്ടുപോകുമ്പോള്ത്തന്നെ നമ്മള് നിനച്ചിരിക്കാത്ത പല നേട്ടങ്ങളും അനുഗ്രഹങ്ങളും നമുക്കു കൈവരാറുണ്ടല്ലോ. കുട്ടികള്‍ കുമിളകള്‍ പൊട്ടുമ്പോള്‍ ആഹ്ലാദിക്കുന്നതുപോലെ എല്ലാ ജീവിതാനുഭവങ്ങളെയും ഒരു ലീലയായി സ്വീകരിക്കാന്‍ നമുക്കു കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: