ഏറ്റുമാനൂര്‍: പാഠപുസ്തകങ്ങളോടൊപ്പം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ 65 കിലോ കഞ്ചാവ് കടത്തിയ രണ്ട് പേരെ ഏറ്റുമാനൂരില്‍ എക്സൈസ് സംഘം പിടികൂടി. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ ആനന്ദ് (24), കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ (29) എന്നിവരാണ് എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനുസമീപം പിടിയിലായത്. ബെഗ്ലൂരുവില്‍ നിന്നും ലോറിയില്‍ കൊണ്ടുവരികയായിരുന്ന പാഠപുസ്തകങ്ങളോടൊപ്പം ഒളിപ്പിച്ചു കടത്തുകയായിരുന്നു.
എക്സൈസ് സംഘം വാളയാര്‍ മുതല്‍ ലോറിയെ പിന്തുടര്ന്നാണ് ഏറ്റുമാനൂരില്‍ വച്ച് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സി.ഐ.റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരിമാഫിയായ്ക്കായി സ്ഥിരമായി ഇവര്‍ ലോറിയില്‍ കഞ്ചാവ് എത്തിച്ചുവരികയായിരുന്നു. ആനന്ദിന്റേതാണ് ലോറി.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത്. പഴക്കുലകളുമായി എത്തിയ ലോറിയിലാണ് ഇക്കുറി കഞ്ചാവ് ബെഗ്ലൂരു വരെ എത്തിച്ചത്. അവിടെ നിന്നും എറണാകുളം ഇടപ്പള്ളിയിലേക്ക് പാഠപുസ്തകങ്ങളുമായി പോകുന്ന ലോറിയില്‍ കയറ്റി.
ഇത് കോട്ടയത്തെത്തിക്കുകയാണ് പതിവ്. പാഠപുസ്തകം എറണാകുളത്ത് ഇറക്കും മുമ്പ് കഞ്ചാവ് കോട്ടയത്തെത്തിച്ച് തിരികെപോകുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് നാല്പത് കിലോ കഞ്ചാവ് ഇതുപോലെ ഇവര്‍ കോട്ടയത്ത് എത്തിച്ചിരുന്നു. സ്ക്വാഡ് അംഗങ്ങളായ സി.ഐ കൃഷ്ണകുമാര്‍ ജി. എക്സൈസ് ഇന്‍സ്പക്ടര്‍മാരായ കെ.വി.വിനോദ് ,റ്റി.ആര്.മുകേഷ് കുമാര്‍ ,മധുസൂദനന് നായര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബില്‍ ,രാജേഷ് ,ജിതേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: