തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരും. മേഖലയില്‍ ശക്തമായ മഴ പെയ്യാന്‍ കാരണം കടലില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴിയായിരുന്നുവെന്നാണ് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതറിന്റെ നിഗമനം. നിലവില്‍ സംസ്ഥാനത്ത് എവിടേയും കനത്ത മഴ സാധ്യതയില്ല.
കേരളത്തിന്റെ തീരം മുതല്‍ സൊമാലിയക്ക് അടുത്ത് വരെ ഉദ്ദേശം 2000 കിലോ മീറ്റര്‍ നീളത്തിലും 500 കിലോ മീറ്റര്‍ വീതിയിലും മേഘ വ്യൂഹം രൂപപ്പെട്ടിരുന്നു. ഇതിന്റെ പ്രവാഹത്തിലാണ് മഴയെത്തിയത്. ഉം പുന് ദുര്‍ബലമായി അന്തരീക്ഷ ചുഴി കൂടി രൂപപ്പെട്ടതോടെ മഴ ശക്തമായതെന്നാണ് നിഗമനം. ഒരു മേഖലയില്‍ വായു കേന്ദ്രീകരിക്കുന്നതിനെയാണ് അന്തരീക്ഷച്ചുഴി എന്നു പറയുന്നത്. ഇതോടെ മേഖലയിലെ ഈര്‍പ്പത്തിന്റെ അളവ് വര്‍ധിച്ച് മഴ പെയ്യാനുള്ള സാധ്യത കൂടും.
അന്തരീക്ഷച്ചുഴി ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങിയതാണ് മഴ കുറയാന്‍ കാരണം. അതേ സമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകുമെന്നാണ് ഐഎംഡിയുടെ പ്രവചനം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ ഇന്ന് മഴ സാധ്യതയുണ്ട്. നാളെ ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. 25 മുതല്‍ എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭിക്കും. എന്നാല്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ചൂട് കൂടും.
തിരുവനന്തപുരത്തെ നെടുമങ്ങാട് ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ലഭിച്ചത് അതി തീവ്ര മഴയാണ്, 22 സെ.മീ. എറണാകുളം സൗത്ത്-12, നെയ്യാറ്റിന്‍കര-10, തിരുവനന്തപുരം ടൗണ്‍-9, തിരുവന്തപുരം എയര്‍പോര്‍ട്ട്, പുനലൂര്‍, കൊച്ചി എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 7 സെ.മീ. വീതവും മഴയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: