ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും എതിര്‍പ്പിനെ അവഗണിച്ച് കനത്ത പോലീസ് കാവലില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് ഇരുവശത്തുമുള്ള നൂറുകണക്കിന് കാറ്റാടി മരങ്ങള്‍ മുറിച്ചുനീക്കി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങള്‍ വെട്ടിയതില്‍ പ്രതിഷേധിച്ച് ധീവരസഭ ജില്ലയില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മരം വെട്ടിയ പ്രദേശം സന്ദര്‍ശിച്ച ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന് ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൊഴിയുടെ വീതി കൂട്ടി ജലമൊഴുക്ക് സുഗമമാക്കാനുള്ള നടപടിയാണെന്ന് ജില്ലാ ഭരണകൂടം പറയുമ്പോള്‍, അതിന്റെ മറവില്‍ മണല്‍ ഖനനത്തിനുള്ള നീക്കമാണെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ ഭാഗത്ത് ഗതാഗതം പൂര്‍ണമായി തടഞ്ഞതിനെതുടര്‍ന്ന്. ഇരുവശത്തും നാട്ടുകാരും തടിച്ചു കൂടി. തുടര്‍ന്ന് പോലീസ് കാവലില്‍ മരങ്ങള്‍ മുറിച്ചു നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അഴിമുഖത്തേക്കുള്ള റോഡുകള്‍ അടച്ചു.
സമാനമായ നീക്കം കഴിഞ്ഞ വര്‍ഷം ജനങ്ങളുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. മരങ്ങള്‍ മുറിക്കുന്നതിനെതിരെ ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ധീവരസഭ തുടങ്ങിയവ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. സ്പില്‍വേയില്‍നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സം നീക്കം ചെയ്യുകയാണെന്നും മരങ്ങള്‍ മുറിച്ചുനീക്കി മണലും നീക്കം ചെയ്താലേ വെള്ളം ഒഴുകിപ്പോകൂ എന്നുമാണ് അധികൃതരുടെ വാദം. അതേസമയം, ഈ നീക്കം കാര്‍ഷിക മേഖലയെ അടക്കം ദോഷകരമായി ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളടക്കമുള്ള പ്രതിഷേധക്കാര്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: