ഇടുക്കി: ലോകത്തിലെ തന്നെ ജൈവവൈവിധ്യ കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട 10 ഇടങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. മഹാവൈവിധ്യപ്രദേശം എന്ന ബഹുമതി ലഭിച്ചിട്ടുള്ള മേഖല, എന്നാല്‍ ഈ മഹാവൈവിധ്യപ്രദേശം ഇന്ന് നാശത്തിന്റെ വക്കിലാണ്. മനുഷ്യന്റെ കൈ കടത്തല്‍ മൂലം വനങ്ങളുടെ ശോഷണവും കാട്ടുതീയും ഉണ്ടായി ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ് പശ്ചിമഘട്ടമിന്ന്.
ലോകപൈതൃക പട്ടികയില്‍ 2012ല്‍ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തിയിരുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും അപൂര്‍വ്വ ജീവികളായ വരയാടുകളും ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമകളും സിംഹവാലന്‍ കുരങ്ങും കോഴി വേഴാമ്പലും, കരിങ്കുരങ്ങും പഞ്ചിമ ഘട്ടത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. ഇന്ത്യയിലെ ആകെയുള്ള പുഷ്പങ്ങളില്‍ 33% ഇവിടെ കാണപ്പെടുന്നു. ജന്തു ജീവജാലളില്‍ പാതിയിലധികവും പശ്ചിമ ഘട്ടത്തിന്റെ സംഭാവനയാണ്.
അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പര്‍വ്വതങ്ങളെ പരാമര്‍ശിച്ചിട്ടുണ്ട്.
കേരളത്തില്‍ മികച്ച കാലവര്‍ഷത്തിന് ഇടയാക്കുന്നത് പശ്ചിമഘട്ടമാണ്. അനധികൃത പാറഖനനവും മലയിടിച്ചുള്ള നിര്‍മ്മാണവും അശാസ്ത്രീയമായ കൃഷി രീതികളുമെല്ലാം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചെരുവായ കേരളത്തിലെ കാലാവസ്ഥയെ തന്നെ മാറ്റി മറിച്ചു. ഇന്ന് ഇടതൂര്‍ന്ന വനമേഖലയിലും അധികം കൃഷിയിടങ്ങളാണ് പശ്ചിമ ഘട്ടത്തിലുള്ളത്. ദുര്‍ബല മേഖലകളെ പോലും വെറുതെ വിടാതെ മനുഷ്യന്‍ കൈ കടത്തുമ്പോള്‍ ഇനിയും ഇവിടെ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: