റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെരുന്നാള്‍ ദിനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം. പെരുന്നാള്‍ ദിവസങ്ങളില്‍ രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ബാധമാക്കാന്‍ തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന് 30 (മെയ് 23) മുതല്‍ ശവ്വാല്‍ 4 (മെയ് 27) അര്‍ധരാത്രി വരെ സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ബാധകമായിരിക്കും. അഞ്ചും അതില്‍ കൂടുതലും ആളുകള്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് തുടരും. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നടപടികള്‍ പാലിക്കുന്നത് എല്ലാവരും തുടരണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയത്ത് മക്ക നഗരം ഒഴികെ സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ആളുകളെ സഞ്ചരിക്കാന്‍ അനുവദിക്കും. ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്ന സൗദി പൗരന്മാരും വിദേശികളും അംഗീകൃത മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
മക്കയില്‍ ഈ ദിവസങ്ങളിലും സമ്പൂര്‍ണ കര്‍ഫ്യൂ തുടരും. നേരത്തെ അടച്ചിട്ട പ്രവിശ്യകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും പുറത്തുപോകുന്നതിനും പുറത്തു നിന്നുള്ളവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിനുമുള്ള വിലക്കും തുടരും. കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സാമൂഹിക അകലവും ഒത്തുചേരലിനുള്ള വിലക്കും മുഴുവന്‍ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അലുശൈഖ് പറഞ്ഞു. കൊറോണ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് ഈദുല്‍ ഫിതിര്‍ നമസ്കാരം നിര്‍വഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: