കണ്ണൂര്‍: കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം കര്‍ശന ഉപാധികളോടെ നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്കി. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയും ക്ഷേത്രത്തിലെ അടിയന്തിര ചടങ്ങുകള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയത്.
മെയ് 29ന് നീരെഴുന്നള്ളത് ചടങ്ങുകള്‍ക്കായി ഒറ്റപ്പിലാന്, പുറംകലയന്‍, പണിക്കര്‍, ആശാരി, പെരുവണ്ണാന് തുടങ്ങിയവര്‍ക്ക് 10 മണിക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം. 11.30ന് ഊരാളന്മാര്ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം.
ജൂണ്‍ 3 ന് നടക്കുന്ന നെയ്യാട്ടത്തിന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചുപേര്‍ അടങ്ങുന്ന നെയ്യമൃത് സംഘത്തിന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനും രാത്രി 9 മണിക്ക് ക്ഷേത്ര അടിയന്തര യോഗത്തിന് അഞ്ച് ആളുകള്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം. ശീവേലിക്ക് ആനകളെ ഒഴിവാക്കണം.
ജൂണ്‍ 4ന് നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തിനു 5 പേര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം. 12ന് നടക്കുന്ന ഇളനീര് വെപ്പില്‍ 4 തണ്ടയാന്മാരുടെ കൂടെ 6 പേര് വീതവും എരുവട്ടി തണ്ടയാന്റെ കൂടെ 6 പേര്‍ക്കും വിവിധ സമയങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ ഇളനീര് സമര്‍പ്പിക്കാം. 13ന് നടക്കുന്ന ഇളനീര് അഭിഷേകത്തിന് 3 പേര്‍ക്കും രാത്രി 11. 30ന് മുത്തപ്പന് വരവ് എന്ന ചടങ്ങില്‍ 5 പേര്‍ക്കും അനുമതിയുണ്ട്. ഭണ്ഡാരം എഴുന്നള്ളത്തിന് 4 കുടിപതി കുടുംബങ്ങളിലെ 5 അംഗങ്ങള്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് കാല്‍നടയായി പോകാം. ഉച്ചശീവേലിക്ക് തിരുവഞ്ചിറയില്‍ 5 പേര്‍ക്കും ആയിരംകുടം അഭിഷേകത്തിന് 2 പേരും തിരുവത്താഴ പൂജയ്ക്ക് 2 പേരും ശീവേലിക്ക് 5 പേരും ശ്രീഭൂതബലിക്ക് 2 പേരും ഭണ്ഡാര അറയില്‍ 2 പേര്‍ക്കും അമ്മാറക്കല്‍ ഭഗവതി പൂജയ്ക്ക് ഒരാള്‍ക്കും കൂത്തമ്പലത്തില്‍ 3 പേര്‍ക്കും അനുമതിയുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഇരിട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: