കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. സിപിഎം പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാക്കളും ഉള്‍പ്പെടെയുള്ള സംഘമാണ് അക്രമിച്ചത്. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി. ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുമ്പൊയിലില് വെച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ നരിക്കുനി സ്വദേശികളായ ചെറുകണ്ടിയില്‍ അതുല്‍ (22), കാരുകുളങ്ങര അഖില്‍ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയില്‍ പ്രശോഭ് (24), കാവുമ്പൊയില്‍ ഗോകുല്‍ദാസ് (25) എന്നിവരെ കൊടുവള്ളി പോലീസ് അറസ്റ്റുചെയ്തു വിട്ടു.
ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മോഷ്ടാവെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ തടഞ്ഞുവെച്ചതും അപമാനിച്ചതും. ബിനീഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തത്. ഐപിസി 143 (അന്യായമായി സംഘം ചേരല്‍), 147,148 (മാരകായുധമേന്തി കലാപം), 341 (തടഞ്ഞുവെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍), 269 ( ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് തടഞ്ഞുവെച്ചത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചതിന് ശേഷം യാത്രതുടരുന്നതിനിടെയാണ് കാവുംപൊയില്‍ സ്വദേശി അതുല്‍ ഭീഷണിയുമായി ആദ്യമെത്തിയത്. മോഷ്ടാവല്ലെന്നും പത്രക്കാരനാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ ഇയാള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയായിരുന്നു. വടിയും ആയുധങ്ങളുമായി നൂറോളം പേരാണ് സംഘടിച്ചെത്തിയത്. മോഷ്ടാവിനെ പിടിച്ചെന്ന് പറഞ്ഞ് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തതായി ബിനീഷ് കൊടുവള്ളി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സ്ഥലത്തെത്തിയ സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ വേണുഗോപല്‍ പ്രശ്നം പരിഹരിക്കുന്നതിന് പകരം വഷളാക്കാനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങാന്‍ പാടില്ലെന്നായിരുന്നു വിഷയമറിഞ്ഞ് വിളിച്ച കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ല പ്രസിഡണ്ടിനോട് പഞ്ചായത്ത് അംഗത്തിന്റെ പ്രതികരണം. കൊടുവള്ളി പോലീസാണ് തങ്ങളെ നാട്ടിലെ കാവലിന് ചുമതലപ്പെടുത്തിയതെന്നുമായിരുന്നു വേണുഗോപാലിന്റെ നിലപാട്.
കൊടുവള്ളി സിഐ പി. ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം എത്തിയതിന് ശേഷമാണ് ബിനീഷിന് യാത്രതുടരാനായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി. ബിനീഷിനെ കാവുംപൊയിലില്‍ വച്ച് തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് ഒരു സംഘം പേര് കൂട്ടം കൂടി നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡണ്ട് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: