മുക്കം: കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ വ്യാപക അക്രമം. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ബുധനാഴ്ച സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസുകള്‍ രാത്രി സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
കൊളക്കാടന്‍ ഗ്രൂപ്പിന്റെ എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്റെ മാവൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ട ഒരു ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പിഎച്ച്ഡിയില്‍ നിര്‍ത്തിയിട്ട എം.എ.ആര് എന്ന ബസുമാണ് അടിച്ചുതകര്‍ത്തത്.
അടിച്ചു തകര്‍ത്ത ബസുകള്‍ എല്ലാം ബുധനാഴ്ച സര്‍വീസ് നടത്തിയിരുന്നു. ഇവര്‍ക്ക് നേരെ ബസുടമകളുടെ ഭാഗത്ത് നിന്ന് ഭീഷണിയും ഉണ്ടായിരുന്നു. സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകള്‍ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം കയ്യില്‍നിന്നും നഷ്ടം സഹിച്ചാണ് ഉടമകള്‍ ബുധനാഴ്ച ബസ് ഓടിച്ചത്.
കൊളക്കാടന്‍ ഗ്രൂപ്പിന്റെ അടിച്ചുതകര്‍ത്ത ബസുകള്‍ക്ക് പകരമുള്ള രണ്ടു ബസുകള്‍ ഉള്‍പ്പെടെ ആറ് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മുക്കം എരഞ്ഞിമാവില്‍ ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് മാസത്തോളം പൊതുഗതാഗതം നിലച്ചതിന് ശേഷം ബസുകള്‍ സര്‍വീസ് ആരംഭിച്ചത് നിരവധി പേര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഒരു വിഭാഗം ബസ് ഉടമകള്‍ നേരത്തെ തന്നെ ബസുകള്‍ ഓടിക്കുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: