പീരുമേട്: മുല്ലപ്പെരിയാര്‍ ദുരന്തഭീഷണിയെ തുടര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപായസൂചന മുന്നറിയിപ്പ് സംവിധാനം (ഏര്‍ലി വാണിങ് സിസ്റ്റം) പ്രവര്‍ത്തനരഹിതമായിട്ട് 10 വര്‍ഷം. മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി റിസര്‍വോയര്‍ വരെ പെരിയാര്‍ തീരുവുമായി ബന്ധപ്പെട്ട ആറ് വില്ലേജ് ഓഫീസുകളിലാണ് ഏര്‍ലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. ഷട്ടറിലെ വെള്ളം തുറന്ന് വിടുന്നതടക്കം ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട എന്തുണ്ടായാലും പോലീസ് വയര്‍ലസിന്റെ സഹായത്തോടെ സൈറണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കുന്നതായിരുന്നു പദ്ധതി.
ഇതിനായി 2009 നവംബറില്‍ വള്ളക്കടവ്, 66-ാം മൈല്‍, മഞ്ചുമല, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ആന്റീനയും, ഉച്ചഭാഷിണിയും സ്ഥാപിച്ചു. അഞ്ച് കിലോ മീറ്റര്‍ ആകാശദൂരം അപായസൂചന നല്കുന്ന സൈറണിന്റെ ശബ്ദം കേട്ട് ജനങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ സ്ഥാപിച്ച അതേ വര്‍ഷം തന്നെ ആന്റീന നിലംപൊത്തി. പിന്നീടിത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല.
വയര്‍ലെസ് ഒഴിവാക്കി മൊബൈല്‍ ബാന്‍ഡ് വിഡ്ത്ത് പ്രയോജനപ്പെടുത്തി പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ അപായസൂചനകളും നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനവും നടപ്പിലായില്ല. അതിനിടെ ഗൂഗിള്‍ ആപ്പിന്റെ സഹായത്തോടെ മുല്ലപ്പെരിയാര്‍ ദുരന്തബാധിത മേഖലകളിലെ മൊബൈല്‍ ഫോണുകളെ ബന്ധിപ്പിച്ച് കോവിഡ് 19 ന്റെ മുന്നറിയിപ്പിന് സമാനമായ രീതിയില്‍ അപായസൂചന നല്‍കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നു.
പ്രകൃതിദുരന്ത പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശവും പരിഗണിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ ദുരന്ത ഭീതിയില്‍ പെരിയാര്‍ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് അപായസൂചന നല്‍കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ പക്കലില്ല.
കാലവര്‍ഷം അടത്തെത്തി നില്‍ക്കെ 2018ലുണ്ടായ പ്രകൃതി ദുരന്തം പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്. മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ പാതിരാത്രിയിലാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ ഷട്ടര്‍ തുറന്നത്. വലിയ തോതിലുള്ള നാശനഷ്ടത്തിന് ഇത് ഇടയാക്കിയിരുന്നു. ഈ വര്‍ഷം മഴ കനക്കുമെന്നാണ് വിവിധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന മുന്നറിയിപ്പ്. ഇടുക്കി ഡാമില്‍ 40% കൂടുതല്‍ ജലശേഖരം നിലവിലുണ്ട്. മഴ കനത്താല്‍ ഇടുക്കി വളരെ വേഗത്തില്‍ നിറയും. ഇതിനൊപ്പം മുല്ലപ്പെരിയാര്‍ കൂടി നിറഞ്ഞ് തുറന്നുവിട്ടാല്‍ അത് കനത്ത നാശത്തിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: