തിരുവനന്തപുരം: കൊറോണയ്ക്കെതിരെയുള്ള പോരാട്ടം കേരളം തുടരുമ്പോഴും നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക വര്‍ദ്ധിക്കുകയാണ്. ദിനം പ്രതി കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നായി വിവിധ മാര്‍ഗങ്ങള്‍ വഴി 78,096 പേരാണ് സംസ്ഥാനത്ത് ഇതുവരെ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 80,138 പേര് ആകെ നിരീക്ഷണത്തിലാണ്. അതായത് 2042 പേര് സമ്പര്‍ക്കം മൂലമോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലോ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്ന കണക്കുകളാണിത്. പുറത്തുനിന്നും എത്തുന്നവരെ പരിശോധിച്ച് ക്വാറന്റയിന്‍ ചെയ്യുന്നതുള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സമ്പര്‍ക്കം മൂലം നിരീക്ഷണത്തില്‍ പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മെയ് 6ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വെറും 14,670 പേര് മാത്രമായിരുന്നു. ഈ മാസത്തിലെ ഏറ്റവും കുറച്ചുപേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എണ്ണമാണിത്. മാര്‍ച്ച് 27നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 39 പേര്. അന്ന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,10,299 പേരാണ്. അതായത് ഇന്നലെ 24 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുന്നു. കൂടുതല്‍ പേര് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും എണ്ണം വര്‍ദ്ധിക്കും.
കഴിഞ്ഞ 11 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. മെയ് 11-ാം തീയതി 27,986 പേരാണ് ആകെ നിരീക്ഷണത്തിലുള്ളതെങ്കില് ഇന്നലത്തെ കണക്കനുസരിച്ച് 80,138 പേര്. അതായത് 11 ദിവസം കൊണ്ട് അരലക്ഷത്തിലധികം പേരുടെ വര്‍ധനവ്. 12-ാം തീയതി 31,616 പേരാണ് ആകെ നിരീക്ഷണത്തിലായത്. 13ന് 34,447, 14ന് 36,910, 15ന് 48,825, 16ന് 56,981 ഇങ്ങനെ നിരീക്ഷകരുടെ എണ്ണം അടിക്കടി വര്‍ദ്ധിക്കുന്നു.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ക്വാറന്റയിന്‍ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് നിരീക്ഷകരുടെ എണ്ണവും വര്‍ദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: