ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ക്കുകയും തെങ്ങ്, കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നില്‍ പെട്ട രണ്ട് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുരങ്ങുകളെ ഓടിക്കാനായി നിയോഗിക്കപ്പെട്ട ഫാമിലെ സ്ഥിരം തൊഴിലാളികളായ പി.കെ. ഗോപാലകൃഷ്ണന്, രാജപ്പന് എന്നിവരാണ് കിടക്കുകയായിരുന്ന രണ്ട് ആനകളുടെ മുന്നില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം 26 ന് ഫാമിലെ സ്ഥിരം തൊഴിലാളി ബന്ദപ്പാലന്‍ നാരായണന് കാട്ടാന അക്രമത്തില്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അറുപതോളം വനപാലകരുടെ നേതൃത്വത്തില്‍ ഒരാഴ്ചയിലേറെ സമയമെടുത്ത് ഫാമിനകത്ത് തമ്പടിച്ചിരുന്ന 21 ഓളം കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിട്ടിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രഞ്ചുകളും, ആന മതിലും തകര്‍ത്ത് ആനകള്‍ വീണ്ടും ഫാമിന്റെ അധീന പ്രദേശങ്ങളിലേക്ക് തിരിച്ചു വന്നു. രണ്ടാഴ്ചക്കിടയില്‍ 250 തോളം തെങ്ങുകളും, നൂറോളം കശുമാവുകളും നിരവധി മറ്റ് കാര്‍ഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചു. ആന നശിപ്പിച്ച കശുമാവ് , റബ്ബര്‍ , പ്ലാവ് തുടങ്ങിയ മരങ്ങള്‍ നാല് ലക്ഷത്തി മുപ്പത്തി നാലായിരം രൂപയ്ക്കാണ് ഇന്നലെ ലേലം ചെയ്തത്. ആനകള്‍ മൂലം മുന്‍ വര്‍ഷങ്ങളില്‍ ഫാമിനുണ്ടായ നഷ്ടം നാല് കോടിയോളം വരും. കഴിഞ്ഞ ദിവസം ആദിവാസി കൂട്ടായ്മയുടെ വാഴ അടക്കമുള്ള കാര്‍ഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.
ഏറെ ഭീതിയിലായ തൊഴിലാളികള്‍ ഫാമിനകത്ത് ജോലിചെയ്യുവാന്‍ മടിക്കുകയാണ്. പുനരധിവാസ മേഖലയിലെ താമസക്കാരായ ആദിവാസികളും കാട്ടാന ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച 22 കോടിയുടെ ആന മതില് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. ഇതിന്റെ പ്രവര്‍ത്തി എപ്പോള്‍ ആരംഭിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: