കോട്ടയം: രാസമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞതോടെ വേമ്പനാട് കായല്‍ അടക്കമുള്ള ജലാശയങ്ങള്‍ നാശത്തിന്റെ വക്കില്‍. നാടന്‍ മത്സൃ സമ്പത്തും മാലിന്യം നിറഞ്ഞതോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പാടശേഖരങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങളും, മനുഷ്യ വിസര്‍ജ്യവും, പ്ലാസ്റ്റിക് മാലിന്യങ്ങളും കായലുകളില്‍ നിറഞ്ഞതോടെയാണ് വേമ്പനാട് കായലില്‍ അടക്കം മത്സ്യസമ്പത്ത് ഗണ്യമായി കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വേമ്പനാട് കായലില്‍ മത്സ്യസമ്പത്ത് കുറഞ്ഞതോടെ വേമ്പനാട് കായലിനെയും പുഴകളെയും ആശ്രയിച്ച് കഴിയുന്ന രണ്ടു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ജലാശയത്തില്‍ വിഷാംശം വലിയ തോതില്‍ ഉയര്‍ന്നതോടെ മത്സൃത്തിന്റെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യവും കക്കൂസ് മാലിന്യവും നിറഞ്ഞതോടെ ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയുടെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. ഹൗസ് ബോട്ടുകളും, യാത്രാബോട്ടുകളും മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്.
1976 ല്‍ 16,000 ടണ്‍ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് കേവലം 8000 ടണ്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് ഫിഷറീസ് വകുപ്പ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വേമ്പനാട് കായലില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കന്‍ മേഖലകളിലെ മത്സ്യ ലഭ്യത 4000 ടണ്ണില്‍ നിന്നും 600 ടണ്ണായി കുറഞ്ഞത് മത്സ്യ സമ്പത്തിന്റെ നാശത്തെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: