കോട്ടയം: ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചതോടെ ആരംഭിച്ച കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് വന്‍ നഷ്ടം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ 117 സര്‍വീസുകളില്‍ നിന്ന് ലഭിച്ച വരുമാനം 24,7866 രൂപയാണ്. ഇതിന്റെ ഇരട്ടിയില്‍ അധികമാണ് സര്‍വീസിന് വേണ്ടിവന്ന ചിലവ്. മുന്‍പ് കെഎസ്ആര്‍ടിസിയ്ക്ക് കിലോമീറ്ററിന് 45 രൂപയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ആരംഭിച്ച സര്‍വീസില്‍ ലഭിക്കുന്നത് 17 രൂപയില്‍ താഴെയാണ്. അധികമായി ഉണ്ടായിരിക്കുന്ന ചിലവ് എങ്ങനെ മറികടക്കുമെന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് വ്യക്തതയില്ല.
സ്വകാര്യ ബസ് സര്‍വീസും കൈപൊള്ളിച്ചു. സര്‍വീസില്‍ ലഭിച്ചത് നഷ്ടം മാത്രമാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ചില സ്വകാര്യ ബസുകള്‍ ഉച്ചയ്ക്ക് ശേഷം സര്‍വീസും നടത്തിയില്ല. 30 ഓളം സ്വകാര്യ ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തിയത്. ഒരു കിലോമീറ്ററിന് മിനിമം 25 രൂപ എങ്കിലും ലഭിച്ചാലേ വലിയ നഷ്ടമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുള്ളുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ഇന്നലെ നടത്തിയ സര്‍വീസില്‍ നിന്ന് കിലോമീറ്ററിന് 15 രൂപ പോലും ലഭിച്ചില്ല. ഡീസല്‍ ചെലവിനുള്ള പണം എങ്കിലും ലഭിക്കാതെ എങ്ങനെ സര്‍വീസ് തുടരാന്‍ സാധിക്കുമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ ചോദിക്കുന്നത്. ഭീമമായ നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാവില്ലെന്ന നിലപാടിലാണ് ഇവര്‍.
ജില്ലയുടെ പ്രധാനകേന്ദ്രങ്ങളിലേക്കാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത്. കെഎസ്ആര്‍ടിസി ഇന്നലെ ജില്ലയില്‍ നൂറില്‍ അധികം സര്‍വീസുകളാണ് നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കോട്ടയം, പാല, വൈക്കം ഡിപ്പോകളില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസുകളും നമടത്തി. രാവിലെ എഴുമുതല്‍ 11വരെയും വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഏഴുമണിവരെയുമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. അതേസമയം വരുമാന നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ചില ഡിപ്പോകളില്‍ നിന്ന് ബസ് സര്‍വീസ് വെട്ടിക്കുറച്ചതായും പരാതിയുണ്ട്.
ഡിപ്പോകളുടെ വരുമാനം
കോട്ടയം 54,493, പൊന്‍കുന്നം 39,518, ചങ്ങനാശ്ശേരി 31,303, വൈക്കം 35,204, എരുമേലി 23,375, ഈരാറ്റുപേട്ട 36,188, പാല 36,000
പ്രതികരിക്കാൻ ഇവിടെ എഴുതുക: