ന്യൂദല്‍ഹി : വിമാനയാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ട് ടെര്‍മിനലിലേക്ക് പ്രവേശിക്കും മുമ്പ് യാത്രക്കാര്‍ നിര്‍ബന്ധമായും തെര്‍മല്‍ സ്ക്രീനിങ് സോണിലൂടെ നടക്കണം. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒഴികെയുള്ളവരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം.
ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് യാത്രാ അനുമതിയുണ്ടാകില്ല. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കുമെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചുവടെ…
- എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. അതേസമയം വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു.
- യാത്രക്കാര്‍ക്ക് മാസ്കും, ഗ്ലൗസും നിര്‍ബന്ധമാണ്.
- സ്വന്തം വാഹനമോ, അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു.
- എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്ക്രീനിലൂടെ കടന്ന് പോകണം.
- പാദരക്ഷകള്‍ അണുവിമുക്തമാക്കാന്‍ സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം.
- ബോര്‍ഡിങ് കാര്‍ഡുകള്‍ ഉള്‍പ്പടെ നല്കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്ലെക്സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ.
- കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന് സംവിധാനം ഉപയോഗിക്കണം.
- അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക.
- എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്മെന്റുകളാകും.
- കടുത്ത പനി, ചുമ എന്നിവയുള്ള ജീവനക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
- സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: