അയോധ്യ: അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്രെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തര്‍ക്കഭൂമിയില്‍ നടന്ന ഖനനത്തില്‍, അഞ്ചടി ഉള്ള കൂറ്റന്‍ ശിവലിംഗം, പകുതി തകര്‍ത്ത നിലയില്‍ ദേവിദേവന്മാരുടെ വിഗ്രഹങ്ങള്‍, കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകള്‍ എന്നിവയാണ് ലഭിച്ചതെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ സെക്യൂരിറ്റി ജനറല്‍ ചമ്പത് റായ് പറഞ്ഞു. 10 ദിവസമായി സ്ഥലത്തെ തറ നിരപ്പാക്കുന്നുവെന്നും അപ്പോഴാണ് അവശിഷ്ടങ്ങളിലെയും മറ്റ് വസ്തുക്കളിലെയും തൂണുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദ്, ക്ഷേത്രം തകര്‍ത്തു തന്നെയാണ് നിര്‍മ്മിച്ചത് എന്നുള്ള ചരിത്രകാരന്മാരുടെ നിഗമനത്തിന് പൂര്‍ണ്ണ സാക്ഷ്യം നല്‍കുന്നതാണ് ഇന്നലെ ലഭിച്ച ഈ നൂറ്റാണ്ടുകളായി മണ്മറഞ്ഞു കിടന്നിരുന്ന തെളിവുകള്‍.കൂറ്റന്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി ആഴത്തില്‍ അടിത്തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി വിധി ഊട്ടിയുറപ്പിക്കുന്ന തെളിവുകള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത്.
2019 നവംബര്‍ 9 നാണ് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വിധിയ്ക്കെതിരെ സമര്‍പ്പിച്ച 18 പുന:പരിശോധന ഹര്‍ജികളും സുപ്രീം കോടതി ഡിസംബര്‍ 12 ന് തള്ളിയിരുന്നു.തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിനായി ഒരു ട്രസ്റ്റി ബോര്‍ഡ് രൂപീകരിക്കുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം പദ്ധതി രൂപീകരിക്കണം, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിനായി പകരം സ്ഥലം അനുവദിക്കണം, നിര്‍മോഹി അഖാഡയ്ക്ക് പുരോഹിതാവകാശം നല്‍കാനാകില്ല. ഇവരുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ല, 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മുഴുവന്‍ ക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കണം, അഞ്ച് ഏക്കര്‍ വരുന്ന അനുയോജ്യമായ പകരം സ്ഥലം പള്ളി സ്ഥാപിക്കുന്നതിന് നല്‍കണം. സുന്നി വഖഫ് ബോര്‍ഡിനാണ് ഈ ഭൂമി നല്‍കേണ്ടത്, തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ്, ഷിയ വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ല, ബാബ്റി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല മറിച്ച് ഒരു നിര്‍മിതിക്ക് മുകളിലാണെന്ന് പുരാവസ്തു തെളിവുകള്‍ പറയുന്നു. എന്നാല്‍ പള്ളി പണിയുന്നതിനായി ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയോ എന്ന് കണ്ടെത്താനായിട്ടില്ല എന്നിവയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയിലെ പ്രധാന കാര്യങ്ങള്‍.
എന്നാല്‍, അയോധ്യയിലെ തര്‍ക്കമന്ദിര സ്ഥാനത്ത് വലിയ ക്ഷേത്രം നിലനിന്നിരുന്നെന്നും അതിനു ശാസ്ത്രീയ തെളിവുകളുണ്ടെന്നും പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ.കെ. മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോര്‍ത്ത് മുന്‍ റീജ്യനല്‍ ഡയറക്റ്റര്‍ കൂടിയാണ് അദ്ദേഹം. 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ആദ്യത്തെ ഖനനം നടത്തിയ പുരാവസ്തു ഗവേഷകരുടെ സംഘത്തില്‍ അംഗം കൂടിയായിരുന്നു മുഹമ്മദ്. അയോധ്യയിലെ മുസ്ലീങ്ങള്‍ സ്വമേധയാ ഭൂമി കൈമാറണമെന്നാണു തന്റെ നിലപാടണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നേരത്തേ അനുവദിച്ച് അഭിമുഖത്തില്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അന്നത്തെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-
ചോദ്യം- അയോദ്ധ്യ കേസ് സുപ്രീം കോടതിയില്‍ കേള്‍ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
മുഹമ്മദ്- ഈ വിഷയത്തില്‍ മൂന്ന് പ്രധാന പ്രശ്നങ്ങളുണ്ട്. ഒന്ന് പുരാവസ്തു തെളിവുകള്‍, രണ്ടാമത്തേത് ചരിത്രരേഖപരമായ തെളിവുകള്‍, മൂന്നാമത്തേത് സാമൂഹിക പ്രശ്നങ്ങള്‍.
ചോദ്യം- തര്‍ക്കസ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കാന്‍ പുരാവസ്തു തെളിവുകള്‍ എന്താണ്?
മുഹമ്മദ്- വിവാദമായ തര്‍ക്ക മന്ദിരത്തിനു താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രപരമായി മതിയായ തെളിവുകള്‍ ഉണ്ട്. വാസ്തവത്തില്‍, രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍ ഒരു വലിയ ക്ഷേത്രഘടന ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. 1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 1976-77 കാലഘട്ടത്തിലാണ് ആദ്യത്തെ ഖനനം നടത്തിയത്. താന്‍ ആ സംഘത്തിലെ അംഗവും ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്ലീമുമായിരുന്നു.1971 നും 1977 നും ഇടയില്‍ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സംസ്കാരം എന്നിവയുടെ അന്നത്തെ കേന്ദ്ര സഹമന്ത്രിയായിരുന്ന സായിദ് നൂറുല്‍ ഹസന്റെ സമയത്താണ് ഖനനം നടന്നത്. ഖനനത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. വിവാദമായ മന്ദിരം പോലീസിന്റെ കസ്റ്റഡിയിലായിരുന്നു, സാധാരണ സന്ദര്‍ശകരെയൊന്നും അകത്തേക്ക് അനുവദിച്ചില്ല. എന്നാല്‍ ഖനന സംഘത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളെ അതിനുള്ളില്‍ അനുവദിച്ചു. മാത്രമല്ല, അയോദ്ധ്യ പ്രശ്നം ഇപ്പോഴത്തേതു പോലെ അത്ര ഗൗരവമേറിയത്ആയിരുന്നില്ല.ഗവേഷക സംഘം അകത്തേക്ക് കടന്നപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പള്ളിയുടെ 12 തൂണുകള്‍കാണാനായി.
ചോദ്യം- തൂണുകള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ പെട്ടതാണെന്ന് എങ്ങനെ പറയും? തൂണുകളുടെ ചിത്രങ്ങള്‍ നിങ്ങള്‍ എടുത്തിരുന്നോ?
മുഹമ്മദ്- ഇല്ല, ഞാന്‍ അന്ന് ചിത്രങ്ങള്‍ എടുത്തിരുന്നില്ല. എന്നാല്‍ മറ്റ് ചിത്രങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലുമുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളുടേയും അടിത്തറയില്‍ ‘പൂര്‍ണ കലശം’ രൂപമുണ്ടാകും. കലശത്തിന്റെ ഒരു ഘടനയില്‍ നിന്നാണു സസ്യജാലങ്ങള്‍ പുറത്തുവരുന്നത്. ഹിന്ദുമതത്തിലെ സമൃദ്ധിയുടെ പ്രതീകമായ ഇത് അഷ്ട മംഗള ചിഹ്നത്തില്‍ ഒന്നാണിത്.
ഇതേപ്പറ്റി കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ഖുത്തബ് മീനാറിനടുത്തുള്ള ക്വാവത്തുല്‍ ഇസ്ലാം പള്ളിയെ പറ്റി പഠിക്കണം. 27 ക്ഷേത്രങ്ങള്‍ തകര്‍ത്ത അവശിഷ്ടങ്ങളില്‍ നിന്നാണ് ഈ പള്ളി നിര്‍മ്മിച്ചത്. ഇതിനും തെളിവുകളുണ്ട്. സമകാലീന ചരിത്രകാരനായ ഹസ്സന് നിസാമി എഴുതിയ താജ്-ഉല്-മസിര്‍ എന്ന പുസ്തകമുണ്ട്. ക്ഷേത്രങ്ങള്‍ നശിപ്പിച്ചതായും അതില്‍ നിന്ന് ഒരു പള്ളി നിര്‍മ്മിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.ക്വാവത്തുല്‍ പള്ളിക്ക് മുന്നില്‍ ഒരു ലിഖിതമുണ്ട്, ഇത് 27 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന് പറയുന്നു. നിങ്ങള്‍ അകത്തേക്ക് പോകുമ്പോള്‍ നിരവധി പൂര്‍ണ കലാശങ്ങളും നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളുടെ അടയാളങ്ങളും കാണാനാകും.
ചോദ്യം- ബി.ബി. ലാലിന്റെ കണ്ടെത്തലുകള്‍ എപ്പോഴെങ്കിലും തെളിവായി ഉയര്‍ത്തിയിട്ടുണ്ടോ? പഠന കണ്ടെത്തലുകള്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് ഒരു വിമര്‍ശനം ഉണ്ടായിരുന്നില്ലേ?
മുഹമ്മദ്- നിര്‍ഭാഗ്യവശാല്‍, തൊണ്ണൂറുകളില്‍ ഇടതുപക്ഷ ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഡി.എന്‍.ഝാ, ആര്.എസ്. ശര്‍മ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഖനനത്തില്‍ ക്ഷേത്ര അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാധ്യമങ്ങളിലൂടെ വ്യാജമായി അവകാശപ്പെട്ടു. ക്ഷേത്രാവശിഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇതിനെതിരേ ബി.ബി. ലാല്‍ ശക്തമായി രംഗത്തു വന്നിരുന്നു. ഞങ്ങള്‍ക്ക് നിരവധി ക്ഷേത്ര അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാലത്ത് ഞാന്‍ ചെന്നൈയില്‍ ഒരു ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി ജോലി നോക്കുകയായിരുന്നു. ഒരു ദേശീയ പത്രത്തില്‍ പത്രാധിപര്‍ക്ക് അയച്ച കത്തിലൂടെ ഞാന്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി. ഖനനത്തില്‍ പങ്കെടുത്ത ഒരേയൊരു മുസ്ലിം ഞാനാണെന്നും ഞങ്ങള്‍ക്ക് ധാരാളം ക്ഷേത്ര അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നും വ്യക്തമാക്കി. മക്കയും മദീനയും മുസ്ലീങ്ങള്‍ക്ക് പ്രാധാന്യമുള്ളതുപോലെ ഹിന്ദുക്കള്‍ക്കും ഇത് പ്രധാനമാണെന്ന് ഞാന്‍ പറഞ്ഞു. അതിനാല്‍ മുസ്ലിംകള് ഈ ഭൂമി സ്വമേധയാ ഹിന്ദുക്കള്‍ക്ക് കൈമാറണം.
ചോദ്യം- അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണല്ലോ രണ്ടാമത്തെ ഖനനം നടത്തിയത്. അതിന്റെ കണ്ടെത്തലുകള്‍ എന്തായിരുന്നു?
മുഹമ്മദ്- അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ് രണ്ടാമത്തെ ഖനനം നടത്തിയത്. അപ്പോഴേക്കും പള്ളി നശിപ്പിക്കപ്പെട്ടിരുന്നു. ഖനനത്തിന് മുമ്പ് റഡാര്‍ (ജിപിആര്‍) സര്‍വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന് കണ്ടെത്തി. നിരവധി അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തു.പുരാവസ്തു ഗവേഷകരായ ഹരി മഞ്ജി, ബി.ആര്. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഖനനം നടത്തിയത്.ആദ്യത്തെ ഖനന വേളയില്‍ പള്ളിയില്‍ 12 ക്ഷേത്രസ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പല തൂണുകളും നില്ക്കുന്ന അടിത്തറകളും ഖനനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ ഖനനത്തില്‍ 17 വരികളിലായി 50 ലധികം തൂണുകളുടെ അടിത്തറ കണ്ടെത്താനായി. അതിനര്‍ത്ഥം ക്ഷേത്രത്തിന്റെ ഘടന ഗംഭീരവും വലുതുമായിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ തീര്‍ത്ഥജലം ഒഴുകുന്ന പ്രണാലിയും സംഘം കണ്ടെത്തി. മുതലയുടെ മുഖത്തിന്റെ ആകൃതിയിലുളള മകര പ്രണാലിയായിരുന്നു അത്. ഗംഗാ നദിയെ സൂചിപ്പിക്കുന്നതാണ് മുതലയുടെ ആകൃതി. ചില ക്ഷേത്രങ്ങളില്‍ നിങ്ങള്‍ ശ്രീകോവിലിനു സമീപം എത്തും മുന്‍പ് രണ്ടു ശില്പങ്ങളെ കാണനാകും. ഒന്ന് മുതലയുടെ മുകളില്‍ നില്ക്കുന്ന സ്ത്രീരൂപവും. മറ്റൊന്ന് ആമയുടെ മുകളില്‍ നില്ക്കുന്ന സ്ത്രീരൂപവും. അതായത് പവിത്രമായ ശ്രീകോവിലിന് അടുത്തേക്ക് നിങ്ങള്‍ എത്തും മുന്‍പ് ഗംഗ, യമുന, സരസ്വതി നദിജലത്താല്‍ ശുദ്ധരായി എന്നാണു വിശ്വാസം. ഇതിനെല്ലാം അര്‍ത്ഥം ഈ ഭൂമിയില്‍ വളരെ ചിരപുരാതനവും അതിവിപുലവുമായി ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: