നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലോക്ഡൗണ്‍ മറയാക്കി നിയമനനടപടികള്‍. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്നീഷ്യന്മാരുടെ അഭിമുഖം നടത്തല്‍ ആരംഭിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ ചട്ടവിരുദ്ധപ്രകാരമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡയാലിസിസ് ടെക്നീഷ്യന് വേണ്ടി അപേക്ഷ നല്കിയ 27 പേരില്‍ 17 പേരുടെ അഭിമുഖം നടക്കുന്നതിനിടയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സലയെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പ് നല്കിയ ഒരു പത്രപരസ്യത്തിന്റ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു അഭിമുഖത്തിന് ശ്രമിച്ചതും. പരസ്യം നല്കിയ സിപിഎം പാര്‍ട്ടി മുഖപത്രത്തില്‍ അഭിമുഖത്തിന്റെ ദിവസത്തിലും മാറ്റമുണ്ട്. ലോക്ഡൗണിന്റെ മറവില്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അഭിമുഖനാടകമാണ് നടന്നതെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാല്‍ ജനറല്‍ ആശുപത്രിയിലെ ഒഴിവുകളിലേക്കുള്ള തസ്തികകളില്‍ എംഎല്‍എയും സിപിഎം നേതൃത്വവും അടങ്ങുന്നവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തിട്ടുള്ള നാടകമാണ് അഭിമുഖമെന്നു ആക്ഷേപമുണ്ട്. മണിക്കൂറുകള്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു. നെയ്യാറ്റിന്‍കര സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയശേഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡയാലിസിസ് ടെക്നീഷ്യന് വേണ്ടിയുള്ള ഇന്റര്‍വ്യൂ ഉണ്ടാകില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വരുംദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ്, ജനറല്‍ സെക്രട്ടറി ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, നിലമേല്‍ ഹരി, ശ്രീലാല്‍, മാണിനാട് സജി, ആരംഗമുഗള് സന്തോഷ് തുടങ്ങിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: