കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷനില്‍ നിര്‍മിക്കുന്ന സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 178.27 കോടി രൂപക്ക് കരാര്‍ നല്കാന് തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 52 ശതമാനത്തിലേറെ വര്‍ദ്ധനയോടെ കരാര്‍ നല്കാന് തീരുമാനിച്ചത്. നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു. കോവിഡ് മുന്‍ കരുതലുകളോടെ ടാഗോര്‍ സെന്ററിനറി ഹാളില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആദ്യം മുന്നോട്ടുവന്ന മിഡ്—ലാന്‍ഡ് എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ടിങ് കമ്പനിക്ക് തന്നെയാണ് ഇപ്പോഴും കരാര്‍. അമൃത് പ്രവൃത്തികള്‍ക്ക് അനുമതി നല്കുന്ന സംസ്ഥാനതല ടെക്നിക്കല്‍ കമ്മറ്റിയും തുടര്‍ന്ന് ചീഫ് സെക്രട്ട റിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാറിന് അനുമതി നല്‍കണം.
പദ്ധതിക്ക് ഫെബ്രുവരിയില്‍ കരാര്‍ നല്കാന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവുള്ളതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചതിന്റെയ അടിസ്ഥാനത്തിലാണ് വീണ്ടും കൗണ്‍സില്‍ നടപടി. വീണ്ടും ടെണ്ടര്‍ ചെയ്ത് അതേ കരാറുകാരെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികള്‍ വരാതിരിക്കുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതില്‍ സംശയമുണ്ടെന്നും കഴിഞ്ഞതവണയും പ്രതിപക്ഷം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ താത്പര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നേടുകയായിരുന്നുവെന്നും ആരോപിച്ചു. സാങ്കേതികമായി കമ്പനിക്ക് യോഗ്യതയില്ലെന്നും ഇത്രയേറെ ഉയര്‍ന്ന തുക അംഗീകരിക്കാനാവില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. നിയാസ്, അഡ്വ. വിദ്യാ ബാലകൃഷ്ണന്, എസ്.വി. മുഹമ്മദ് ഷമീല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്രയും ഉയര്‍ന്ന നിരക്ക് ഉചിതമായിരിക്കില്ലെന്ന് എല്‍ഡിഎഫഅ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടിനിട്ടപ്പോള്‍ അജണ്ടയെ പിന്തുണക്കുകയായിരുന്നു. 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു.
ബീച്ചില്‍ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടേയും 56.38 കോടിയുടേതുമാണ് പദ്ധതി. ഇത് അഞ്ച് വര്‍ഷത്തെ പരിപാലനമുള്‍പ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെന്‍ഡറായത്. നിര്‍മാണ മേഖലയില്‍ മാത്രം പരിചയമുള്ള മിഡ് ലാന്‍ഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും. തിരക്ക് കൂടിയതും വീതി കുറവുമായ നിരത്തില്‍ പണി എടുക്കുമ്പോള്‍ അധികചെലവ് വരുമെന്നും പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിലുള്ളതിനേക്കാള്‍ ആഴം വേണ്ടി വരുമെന്നുമുള്‍പ്പെടെയുള്ള കാരണമാണ് തുക ഉയരാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: