കോഴിക്കോട്: ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വന്‍ തുക തട്ടിയെടുത്ത മൂന്ന് പേര് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുബ്ഹന് മൊല്ല (27), അസ്റുദ്ദീന് മൊല്ല (27), മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40) എന്നിവരെയാണ് നടക്കാവ്പോലീസ് അറസ്റ്റു ചെയ്തത്. പറമ്പില്‍ ബസാറില്‍ നിന്ന് ബുധനാഴ്ച പകല്‍ 11.30 ഓടെയാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. രണ്ടു കടക്കാരില്‍ നിന്നായി ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. മൊയ്തീന് പള്ളി റോഡിലെ കണ്ണട ഷോപ്പുടമയില്‍ നിന്ന് മെയ് 15 ന് ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ കൈക്കലാക്കിയിരുന്നു.
ഒന്നരമാസം മുമ്പ് കണ്ണട വാങ്ങിയ ശേഷം രൂപക്ക് പകരം ദിര്‍ഹം നല്‍കിയതാണ് സംഭവത്തിന് തുടക്കം. തുടര്‍ന്ന് കടയുടമയുമായി സൗഹൃദത്തിലായി. പിന്നീട് കൂടുതല്‍ ഇതരസംസ്ഥാനക്കാര്‍ ഇയാളുടെ ഒപ്പം കടയുടമയെ പരിചയപ്പെട്ടു. സൗഹൃദം പുതുക്കിയതോടെ കൂടുതല്‍ ദിര്‍ഹം ഉണ്ടെന്ന് കടയുടമയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 15 ന് എരഞ്ഞിപ്പാലത്ത് വന്നു രഹസ്യമായി പണം കൈമാറി. കടയുടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കൈപ്പറ്റി. പകരം ദിര്‍ഹം ആണെന്ന് പറഞ്ഞ് ഒരു കടലാസ് പൊതി നല്കി.
കടയുടമ വീട്ടിലെത്തി പൊതി അഴിച്ചപ്പോള്‍ വെറും കടലാസ് മാത്രമാണുണ്ടായത്. സംഭവം വാര്‍ത്തയായതോടെ ഇതേസംഘം മൂന്നു ലക്ഷം രൂപ കവര്‍ന്നതായി മറ്റൊരു കടയുടമയും പരാതി നല്കി. തട്ടിപ്പ് സംഘം പറമ്പില്‍ ബസാറില്‍ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് സിഐ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. സംഘത്തിലെ രണ്ടു പേര് രക്ഷപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: