കോഴിക്കോട്: ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ജില്ലയ്ക്കകത്ത് പൊതുവാഹനഗതാഗതത്തിന് അനുമതി ലഭിച്ചതോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങി. എന്നാല്‍ മിക്ക റൂട്ടുകളിലും ആദ്യദിനം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നു. കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ച് 30 പേരെ വരെയാണ് ഒരു ബസില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. കോഴിക്കോട്, വടകര, തൊട്ടില്‍പ്പാലം, താമരശ്ശേരി, തിരുവമ്പാടി എന്നീ ഡിപ്പോകളില്‍ നിന്ന് അറുപത് ഷെഡ്യൂളുകളായാണ് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയത്. 36 ബസുകള്‍ ആദ്യദിനം നിരത്തിലിറങ്ങി. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ഒമ്പതും താമരശ്ശേരിയില്‍ നിന്ന് ഏഴും ബസുകള്‍ സര്‍വീസ് നടത്തി. രാമനാട്ടുകര, മാവൂര്‍, വടകര, തൊട്ടില്‍പ്പാലം, അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ബസുണ്ടായിരുന്നു. മാവൂര്‍ ‘ഭാഗത്തേക്കുള്ള ബസില്‍ മെഡിക്കല്‍ കോളജിലേക്ക് അത്യാവശ്യം യാത്രക്കാരുണ്ടായിരുന്നു.
കോഴിക്കോട് സോണില്‍ 220 ബസുകളാണ് ഓടിച്ചത്. കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സാനിറ്റൈസറും മാസ്കും ലഭ്യമാക്കിയിരുന്നു. ബസില്‍ കയറിയവരെല്ലാം മാസ്ക് അണിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. ഓരോ യാത്രക്ക് മുമ്പും ശേഷവും ജീവനക്കാര്‍ ബസുകള്‍ വെളളം അടിച്ച് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഇതിനായി എല്ലാ ഡിപ്പോകളിലും സൗകര്യം ഉറപ്പാക്കിയിരുന്നു. 50 സീറ്റുകളുള്ള ബസില്‍ 23 മുതല്‍ 30വരെ യാത്രക്കാരെയാണ് കയറ്റിയത്. പിന്‍വാതിലിലൂടെയാണ് കയറ്റി മുന്‍ വാതില്‍ വഴി ഇറക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്കി കൈകള്‍ ശുചീകരിക്കാന്‍ സൗകര്യവും ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് സര്‍വീസ് നടത്തിയത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത് മുക്കം ഉള്‍പ്പെടെ മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി.
ചിലയിടങ്ങളിലേക്ക് സര്‍വീസ് വേണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെത്തി ബഹളം വെച്ചിരുന്നു. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കുറച്ച് ബസുകള്‍ കൂടി ഓടിക്കാനാണ് തീരുമാനം. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ നിന്നും കാര്യമായ വരുമാനമില്ലാത്തത് അധികൃതര്‍ക്ക് തലവേദനയാവുകയാണ്. ഡീസലിന്റെ തുക പോലും മുതലാവാത്ത അവസ്ഥയാണ്. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി അല്ലാത്ത സമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കാനും ഉദ്ദേശിക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ കൂടി ഓടുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ കുറയാനുമാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: