ഉടുമ്പന്നൂര്‍: നിര്‍ധനനും രോഗിയുമായ യുവാവിന് സഹായഹസ്തവുമായി സേവാഭാരതി. കാക്കിയാനിക്കല്‍ രജീഷിന് പട്ടിക ജാതി വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 4 സെന്റ് സ്ഥലത്ത് ഉടുമ്പന്നൂരിലെ സേവാഭാരതി പ്രവര്‍ത്തകരാണ് താത്കാലിക വീട് നിര്‍മ്മിച്ചു നല്‍കിയത്.
ഒബിസി മോര്‍ച്ച തൊടുപുഴ നിയോജക പ്രസിഡന്റ് കെ.സി. സുന്ദരനും ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളിലും ചേര്‍ന്ന് താല്‍ക്കാലിക വീടിന്റെ താക്കോല്‍ രജനീഷിന് ഇന്നലെ കൈമാറി. പാന്‍ക്രിയാസില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു രജീഷ്. 2 മാസം മുന്‍പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഓപ്പറേഷന് കഴിഞ്ഞത്. കരിമണ്ണൂരില്‍ വാടകക്ക് താമസിച്ചിരുന്ന ഇവര്‍ ചികിത്സാ ചെലവും വാടകയും മറ്റു ചെലവുകള്‍ക്കുമായി പണം കണ്ടെത്താന്‍ നന്നേ വിഷമിച്ചു.
ഇതിനിടെ ഉടുമ്പന്നൂരിലെ സേവാഭാരതി പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇവരുടെ വിഷമതകള്‍ മനസിലാക്കിയ സേവാഭാരതിയുടെ പതിനഞ്ചോളം പ്രവര്‍ത്തകരുടെ ഫലമായി താത്കാലിക വീട് ഒരുക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് സിമന്റ്, കട്ട, ശൗചാലയ സാമഗ്രഹികള്‍ എന്നിവക്ക് വേണ്ടി വിവിധ സ്പോണ്‍സര്‍മാരെ കണ്ടെത്തി. പഞ്ചായത്തില്‍ പുതിയ വീടിന് അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. പുതിയ വീട് പഞ്ചായത്തില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആണിവര്‍.
ഭാര്യ സ്മിതയും മക്കളായ അജയ്, ആജയും അടങ്ങുന്നതാണ് രജീഷിന്റെ കൊച്ചു കുടുബം. രജീഷിന്റെ ഭാര്യ സ്മിത വിവിധ പണികള്‍ക്ക് പോയിട്ടാണ് കുടുംബ ചെലവുകള്‍ കണ്ടെത്തുന്നത്. ചികിത്സാ ചെലവും വീട്ടു ചെലവും കുട്ടികളുടെ പഠിത്തവും എല്ലാം ഇപ്പോള്‍ സ്മിതയുടെ തുച്ഛമായ വരുമാനത്തില്‍ നിന്നുമാണ് നടക്കുന്നത്.
രജീഷ് ഉടുമ്പന്നൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് രോഗിയായത്. താത്കാലികമെങ്കിലും സേവാഭാരതി ഒരുക്കിയ തണലില്‍ സുരക്ഷിതത്വം തേടുകയാണ് രജീഷും കുടുബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: