വടശേരിക്കര: നാട്ടിൽ മനുഷ്യർക്കും വളർത്തു മൃഗങ്ങങ്ങൾക്കും ഭീഷണിയായ നരഭോജി കടുവയെ തേടിയുള്ള വനം വകുപ്പിന്റെ തെരച്ചിൽ മന്ദഗതിയിലാക്കിയതോടെ മലയോര വാസികൾ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കുടിവെള്ളം ശേഖരിക്കാൻ പോലും ജനങ്ങൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുകയാണ്. 10 ദിവസമായി 88 ച:കി:മീ: പ്രദേശത്ത് തെരച്ചിൽ നടത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. 130 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ് തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം വരെ വയനാട്ടിൽ നിന്നെത്തിയ ടൈഗർ റെസ്ക്യു ടീം ആണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ഇവർ കടുവകളെ വിരട്ടി ഓടിക്കുന്നതിലും, സാന്നിധ്യം കണ്ടെത്തുന്നതിലും പ്രത്യേകം വൈദഗ്ധ്യം നേടിയവരായിരുന്നു. ഒന്നടങ്കം തെരച്ചിൽ നിർത്തി തിങ്കളാഴ്ച തന്നെ അവരും മടങ്ങിയിരുന്നു. ഇന്നലെ തേക്കടിയിൽ നിന്നെത്തിയ ടൈഗർ മോണിറ്ററിങ് സെൽ ഏതാനും മണിക്കൂർ ശ്രമം നടത്തിയെങ്കിലും കടുവയെ കണ്ടെത്താതെ മടങ്ങി. കടുവയെ കുടുക്കുന്നതിനായി സ്ഥാപിച്ച കൂടുകളും നീക്കിയിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനകളെയും കഴിഞ്ഞ ദിവസം തിരിച്ചു കൊണ്ടുപോയിരുന്നു.
അൻപതോളം സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിയുന്ന ദൃശ്യം എല്ലാ ദിവസവും രാവിലെ പരിശോധിക്കുന്നുണ്ട്. ഇതുവരെ കടുവയുടെ ദൃശ്യങ്ങളൊന്നും ക്യാമറകളിൽ പതിഞ്ഞിട്ടില്ല. ഇതാണ് കടുവ തിരിച്ചു കാട് കയറിയിരിക്കാമെന്ന ധാരണയിലെത്താൻ കാരണം. എന്നാൽ വനമേഖല പ്രദേശത്തു താമസിക്കുന്ന നാട്ടുകാരെല്ലാം ഭീതിയിലാണ്. മേടപ്പാറയിൽ ഒരാളുടെ ജീവനെടുക്കുകയും നിരവധി വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തത് വലിയ പരാതികൾക്കിടയാക്കിയിരിക്കുകയാണ്.
ഒരു നാട് മുഴുവൻ രാണ്ടാഴ്ചയോളമായി ഭീതിയുടെ നിഴലിലായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട ശ്രദ്ധ വിഷയത്തിൽ പതിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പ്രതികരണവും ജില്ലാ ഭരണകൂടമോ, ബന്ധപ്പെട്ട വകുപ്പ് മേധാവികളോ നടത്തിയിട്ടില്ല. ഒരു പ്രാവശ്യം വനം മന്ത്രി ഒരു സന്ദർശനം നടത്തിയതൊഴിച്ചാൽ സർക്കാർ അതീവ അലംഭാവമാണ് വിഷയത്തിൽ പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: