തിരുവല്ല: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ജില്ലയിൽ പൊതുജനങ്ങൾക്കായി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ജില്ലയിൽ ആദ്യദിവസം ഏഴ് ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി നടത്തിയത് 78 സർവീസുകളാണ്. പത്തനംതിട്ട 13, കോന്നി ആറ്, അടൂർ 16, തിരുവല്ല 19, മല്ലപ്പള്ളി 14, റാന്നി, പന്തളം ഡിപ്പോകളിൽ നിന്ന് അഞ്ച് വീതം സർവീസുകളാണു ജില്ലയിൽ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം കയറ്റിയാണു സർവീസുകൾ നടത്തുന്നത്. രാവിലെ 7 മുതൽ രാത്രി 7 ന് അവസാനിക്കുന്ന രീതിയിലാണു സർവീസുകൾ ആരംഭിച്ചത്. 12 രൂപയാണ് മിനിമം ചാർജ്.
ഓർഡിനറി ബസുകളാണ് ആദ്യദിനത്തിൽ സർവീസ് നടത്തിയത്. തിരുവല്ല ഡിപ്പോയിൽ നിന്നും നീരേറ്റുപുറം, പത്തനംതിട്ട, റാന്നി, വീയപുരം, ഓതറ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസ്. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല, അടൂർ, റാന്നി, ഇലവുംതിട്ട, കലഞ്ഞൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി. പന്തളത്ത് നിന്ന് പത്തനംതിട്ടയിലേക്കും അടൂർ വഴി ഏനാത്തേക്കുമാണ് സർവീസ്. അടൂരിൽ നിന്ന് ഏനാത്ത്, പത്തനംതിട്ട ഭാഗത്തേക്കും മല്ലപ്പള്ളിയിൽ നിന്ന് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ട എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി.
30 മുതൽ 45 മിനുറ്റുവരെ ഇടവേളകളിലാണ് സർവീസ് നടത്തുക. അധിക സർവീസുകൾ ആരംഭിച്ചതോടെ സർക്കാർ ജീവനക്കാർക്കായി നടത്തിയ സ്പെഷ്യൽ സർവീസുകൾ ഇനി മുതൽ ഉണ്ടാകില്ല. യാത്രകാരുടെ തിരക്കനുസരിച്ചാവും വരും ദിവസങ്ങളിൽ സർവീസുകൾ കൂട്ടണോ എന്നകാര്യം തീരുമാനിക്കുക.
ആദ്യദിനം യാത്രക്കാർ കുറവ്
മല്ലപ്പള്ളി-പത്തനംതിട്ട ഒരു ട്രിപ്പ് രാവിലെ 8.45നും മടക്കം വൈകിട്ട് 5.10 നും കളക്ട്രേറ്റ് ജീവനക്കാരുടെ സൗകര്യാർത്ഥം നടത്തി. മല്ലപ്പള്ളി- തിരുവല്ല 4 സർവ്വീസും, മല്ലപ്പള്ളി-കോഴഞ്ചേരി 6 സർവ്വീസും, മല്ലപ്പള്ളി- റാന്നി 2, തിരുവല്ല-മല്ലപ്പള്ളി ചുങ്കപ്പാറ 1 സർവ്വീസുമാണ് നടത്തിയത്. അവസാന ട്രിപ്പ് കോഴഞ്ചേരിയിൽ നിന്നും 7 മണിക്ക് ഡിപ്പോയിലെത്തി. പൊതുവേ എല്ലാ സർവ്വീസിലും യാത്രക്കാർ നന്നേ കുറവായിരുന്നു എന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.
സ്വകാര്യബസ് ഓടണം
റാന്നിയിൽ നിന്നും പത്തനംതിട്ട, തിരുവല്ല, റൂട്ടുകളിലും, മലയോര മേഖലയായ വെച്ചുച്ചിറ ഭാഗത്തേക്കുംമുള്ള യാത്രക്കാർക്കാണ് കെഎസ്ആർടിസി സർവ്വീസുകൾ ഫലപ്രദമായത്. റാന്നിയിൽ നിന്നു കീക്കൊഴൂർ വാഴക്കുന്നംവഴി സർവ്വീസുകൾ ഇല്ലാത്തതു കാരണം സ്വകാര്യ ബസുകൾ ഓടും വരെ ഈ റുട്ടിലുള്ള യാത്രക്കാർ ബുദ്ധിമുട്ടിലാണ്. ചെറുകോൽപ്പുഴ വഴി കോഴഞ്ചേരി ഭാഗത്തേക്ക് റാന്നി ഡിപ്പോയിലുള്ള ഒരു സർവ്വീസ് മാത്രമാണുള്ളത്.
സാമൂഹിക അകലം ഇല്ല
പൊതുജനങ്ങൾ സാമൂഹിക അകലം പാലിച്ചുവേണം യാത്രയെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും ബസിനുള്ളിൽ മാത്രമായിരുന്നു സാമൂഹിക അകലം. അടിക്കടി മഴകൂടി പെയ്തതോടെ മറ്റ് മാർഗങ്ങളില്ലാതെ യാത്രക്കാർ സാധാരണ പോലെയാണ് സ്റ്റാൻഡിൽ നിന്നത്. ഇവരെ നിയന്ത്രിക്കാനോ നിർദ്ദേശം നൽകാനോ അധികൃതർ മിനക്കെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: