കാസര്‍കോട്: പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ വച്ച് അമ്മയെ ഉപേക്ഷിച്ചാണ് ഗാര്‍ഗി എന്ന സുഹൃത്തിനൊപ്പം അഞ്ജന പോയത്. എന്നാല്‍ മരിക്കുന്നതിന് തലേദിവസം അഞ്ജന വീട്ടുകാരെ വിളിച്ചിരുന്നു.
അമ്മയേക്കാള്‍ വിശ്വസിച്ച സുഹൃത്തുക്കളില്‍ നിന്നും അഞ്ജനക്ക് മോശപ്പെട്ട അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. തീവ്ര ഇടത് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സുഹൃത്തുക്കള്‍. ഇപ്പോള്‍ എന്‍ഐഎ അന്വേഷണം നേരിടുന്ന കോഴിക്കോട് സ്വദേശികളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. അഞ്ജനയെ മയക്കുമരുന്നിനും മദ്യത്തിനും അടിമയാക്കിയിരുന്നു.
താമസസ്ഥലത്തിന് പുറകിലെ കാട് പിടിച്ചു നില്ക്കുന്ന സ്ഥലത്ത് മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മുട്ടില്‍ കുത്തി നില്ക്കുന്ന അഞ്ജനയെയാണ് അവളുടെ കൂടെയുണ്ടായിരുന്നവര്‍ കണ്ടതെന്നാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മരണത്തെക്കുറിച്ച് ഗാര്‍ഗി എഴുതിയത്. നിലത്ത് മുട്ടുകുത്തി നില്ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാന്‍ സാധിക്കുന്നത്?. ഈ കുറിപ്പ് പിന്നീട് പിന്‍വലിച്ചു. അതിനാല്‍ കൊലപാതക സാധ്യതയും തള്ളിക്കളയാനാവില്ല. ഗോവയില്‍ കുറച്ചു നാളത്തെ ജോലിയുണ്ടായിരുന്നതിനാല്‍ അഞ്ജനയെയും കൂടെക്കൂട്ടിയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണത്തിന് കാരണം പ്രണയബന്ധമാണെന്നും ഇവര്‍ പറയുന്നു. സുഹൃത്തുക്കളുടെ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. എന്തിനാണ് ഗോവയില്‍ പോയതെന്ന് അന്വേഷിക്കണം.
അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് പേരു മാറ്റിയിരുന്നു. ഇത് എന്തിനാണെന്നതും ദുരൂഹമാണ്. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജനയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുകയാണ് സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്തത്. യുവസമൂഹത്തെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി വീട്ടുകാരോടും സമൂഹത്തോടും വെറുപ്പുണ്ടാക്കി രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതല അന്വേഷണത്തിന് പോലീസ് തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: