കോവിഡ്19ന് ശേഷം ഗള്‍ഫ് പ്രവാസലോകത്ത് നടക്കുന്ന അര്‍ബന്‍ നക്സല്‍ മാധ്യമ കള്ളപ്രചാരണം എല്ലാ അതിരുകളും ലംഘിക്കുകയാണ്. ഓരോ മണിക്കൂറിലും ഫേസ്ബുക്ക് ലൈവ് വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും നുണകളുടെയും അര്‍ദ്ധസത്യങ്ങളുടേയും കുത്തൊഴുക്കാണ്. കോവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന പരിശ്രമം ജനങ്ങളുടെ മുന്നില്‍ എത്തിക്കാതിരിക്കാന്‍ നടത്തുന്ന സംഘടിത ഭീതിവ്യാപാരങ്ങള്‍ ഒരു പരിധിവരെ വിജയം കാണുന്നുമുണ്ട്.
ആദ്യം പ്രചരിപ്പിച്ചത് ഇന്ത്യക്കാരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കില്ലെന്നാണ്. അതിനുശേഷം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടക്കും എന്ന ഭീതി പരത്തി. അതും തെറ്റാണെന്ന് വന്നപ്പോള്‍ പുതിയ നുണകളുമായി ഈ അര്‍ബന്‍ നക്സല്‍ മാധ്യമ തൊഴിലാളികള്‍ പ്രത്യക്ഷപ്പെട്ടു. ഖത്തറില്‍ നിന്നുള്ള വിമാനം റദ്ദായതിനെക്കുറിച്ച് പ്രചരിപ്പിച്ച നുണക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന് തന്നെ രംഗത്തു വരേണ്ടിവന്നു.
ഇവര്‍ കുറച്ചുനാളുകളായി പറയുന്ന നുണയാണ്, കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ പ്രവാസികളില്‍ നിന്നു പിരിച്ചെടുത്ത എഴുപതിനായിരം കോടി രൂപയുണ്ട് എന്നത്. എന്തുകൊണ്ട് ഈ പണമുപയോഗിച്ചു പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നില്ല എന്നാണ് ചോദ്യം. എന്താണ് സത്യാവസ്ഥ? 1983ലെ ഇന്ത്യന്‍ കുടിയേറ്റനിയമം വകുപ്പ് 22(3)(യ) പ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സിനായി അപേക്ഷിക്കുന്നയാളെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ക്രമീകരണം ആവശ്യമായി വന്നാല്‍, അതിലേക്കുള്ള ചെലവുകള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് ഒരു പ്രസ്താവന അപേക്ഷകന് സമര്‍പ്പിക്കണം. ചട്ടം 17(1) പ്രകാരം ഒരു വിദേശ തൊഴിലുടമ നേരിട്ട് കുടിയേറ്റക്കാരനെ നിയമിച്ചിട്ടുണ്ടെങ്കില്‍ രാജ്യാന്തര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ നിരക്ക് പ്രകാരം കുടിയേറ്റത്തൊഴിലാളിയുടെ സ്വദേശത്തേക്കുള്ള യാത്രയ്ക്കാവശ്യമായ വിമാന ടിക്കറ്റിന് തത്തുല്യമായ തുക ബന്ധപ്പെട്ട വകുപ്പില്‍ നിക്ഷപിക്കേണ്ടതുണ്ട്. ഉപചട്ടം (2) പ്രകാരം നിക്ഷേപിച്ച യാത്രക്കൂലി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ ഉത്തരവനുസരിച്ച് അതാതു കുടിയേറ്റ തൊഴിലാളിയെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഉപയോഗപ്പെടുത്തും. ഇങ്ങനെയുള്ള ആവശ്യം വന്നില്ലെങ്കില്‍ നിക്ഷേപം അതിന്റെ ഉടമസ്ഥന് മൂന്നു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം. 2003ല്‍ പ്രവാസി ഭാരതീയ ബീമാ യോജന എന്ന ഇന്‍ഷുറന്‍സ് നിലവില്‍ വന്നതോടെ ഈ നിബന്ധന നിര്‍ത്തലാക്കി. കൂടാതെ 2009ല്‍ 511 (ഋ) എന്ന പ്രത്യേക നോട്ടിഫിക്കേഷനിലൂടെ ചട്ടം എടുത്തു കളയുകയും ചെയ്തു. 1983 മുതല്‍ 2003 വരെയുള്ള കാലയളവില്‍ രാജ്യത്തെമ്പാടുമുള്ള വിമാനത്താവളത്തിലൂടെ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ വിമാനക്കൂലിക്ക് തത്തുല്യമായ തുക എന്ന രീതിയില്‍ വാങ്ങിയ തുകയെ കുറിച്ചാണ് ഈ 70,000 കോടി കൊണ്ട് വിവക്ഷിക്കുന്നത്.
ഈ തുക എമിഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചുകൊണ്ടിരുന്നത് അപേക്ഷകന്റെ പേരിലുള്ള നിക്ഷേപമായിട്ടാണ്. അന്നത്തെ കാലത്ത് സ്വകാര്യ എജന്‍സികളായിരുന്നു പ്രധാനമായും ഇതൊക്കെ ചെയ്തിരുന്നത്. പത്തോ അതില്‍ കൂടുതലോ ആളുകളടങ്ങിയ ഗ്രൂപ്പ് ആയാണ് ഏജന്‍സികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്കില്‍ ഈ തുകയ്ക്ക് കിഴിവുണ്ടാകും. മനസിലാക്കേണ്ടകാര്യം ഈ പണം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെയോ ഭാരത സര്‍ക്കാരിന്റെയോ പക്കലേക്ക് വരുന്നില്ല. പണം സ്വീകരിക്കുന്നത് അതാത് കുടിയേറ്റക്കാരനുമായോ തൊഴിലുടമയുമായോയുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്. ഈ പണം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സൊ ഭാരത സര്‍ക്കാരോ നിക്ഷേപകന് മൂന്നുവര്‍ഷത്തിനു ശേഷം ആവശ്യപ്പെടുമ്പോള്‍ തിരിച്ചു കൊടുക്കണം. 1983 മുതല്‍ 2003 വരെ ഈ പണത്തില്‍ നിന്നും ആരൊക്കെ അവരവരുടെ അര്‍ഹതപ്പെട്ട തുക പിന്‍വലിച്ചിട്ടുണ്ടെന്ന് അറിയില്ല. ഈ തുകകളെല്ലാം ചേര്‍ന്ന് ഒരു വലിയ തുകയായി കിടപ്പുണ്ടെങ്കില്‍ത്തന്നെ അത് കുടിയേറ്റത്തൊഴിലാളിയുടെ ക്ഷേമത്തിന് ഉപയോഗിക്കാമെന്ന് നിയമത്തിലൊരിടത്തും പറയുന്നില്ല. ശേഖരിച്ച തുക മറ്റു കുടിയേറ്റക്കാരുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച ഫണ്ടായി വിശേഷിപ്പിക്കാനുമാവില്ല.
ശ്രദ്ധിക്കേണ്ട കാര്യം കുടിയേറ്റ നിയമപ്രകാരം കുടിയേറ്റക്കാരനെന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഇപ്പോള്‍ എന്‍ആര്‍ഐ എന്ന് വിളിക്കുന്ന വിഭാഗത്തിലെ ഭൂരിഭാഗവും വരില്ല. പിന്‍വലിക്കാതെ കിടക്കുന്നു എന്ന് പറയപ്പെടുന്ന ഈ തുക ഇപ്പോഴുള്ള എന്‍ആര്‍ഐകളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കണമെന്ന ആവശ്യത്തിന് 1983ലെ കുടിയേറ്റ നിയമപ്രകാരം യാതൊരടിസ്ഥാനവുമില്ല.
പ്രവാസലോകത്ത് പരക്കുന്ന നുണകളുടെ ഒരു ഉദാഹരണമാണിത്. എഴുപതിനായിരം കോടിയെന്ന ഈ തുക സര്‍ക്കാര്‍ പറഞ്ഞതുമല്ല. 2012ല്‍ ഇത് 24,000 കോടിയെന്നായിരുന്നു. പലിശയും അതിന്റെ പലിശയുമൊക്കെ ചേര്‍ത്താവാം 70,000 കോടിയായത്. ഇല്ലാത്ത ഫണ്ടിന് പലിശകൂട്ടുന്ന തമാശയാണിത്. കേന്ദ്രവും കേരളവും ഒരേ പാര്‍ട്ടി ഭരിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ആരും ഇതിനെക്കുറിച്ചു പൊതുവേദിയില്‍ പറഞ്ഞുകേട്ടിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ അസോസിയേഷന് പോലെയുള്ള സംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ ഫീസ് കൊടുക്കുന്നതില്‍ കാലതാമസം വരുന്നു എന്നാരോപിച്ച് കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍നിന്നു മാറ്റിനിര്‍ത്തുന്നു. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ നടപടികളെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ഗള്‍ഫ് പ്രവാസലോകത്തെ ചില മലയാളി സംഘടനകള്‍ വലിയവായില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുന്നത്. രാജ്യസുരക്ഷയ്ക്ക് അപകടമായ അര്‍ബന്‍ നക്സല്‍ വാദം രാജ്യാതിര്‍ത്തികടന്ന് പ്രവാസലോകത്തെക്കൂടി അസ്വസ്ഥമാക്കുന്നു എന്നര്‍ഥം.
അരുണ്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: