അനന്തമായ, അതീവ സാധ്യതകളുള്ള കാര്‍ഷിക മേഖലയുടെ സംഗമഭൂമിയാണ് കേരളം. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ഭാവനാപൂര്‍വം സംയോജിപ്പിച്ച് ഉപയോഗിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ നമുക്കുകഴിയും. തൊഴിലാളികളുടെ കര്‍മ്മശേഷിയെ പെട്ടന്നുതന്നെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതിനൊക്കെ ശ്രദ്ധ വയ്ക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. എങ്കിലേ കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കാനാവൂ. റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടി നിരന്തരം കണ്ണീരൊഴുക്കുന്നവരാണല്ലോ ഇടതു-വലതു മുന്നണികളിലുള്ളത്. റബ്ബര്‍ റെയിന്‍ ഗാര്‍ഡിംഗിന് ഒരു ഹെക്ടറിന് 1555 രൂപ വീതം 155 കോടി 50 ലക്ഷം രൂപയാണ് കേരളത്തിന് ലഭിക്കുന്നത്. ഇതിന്റെ ഫലമായി 10 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി തുടരാനാകും എന്ന കാര്യം എന്തുകൊണ്ടാണ് കാണാതെ പോവുന്നത് ?
ഉത്പന്ന സംഭരണം
കാര്‍ഷികോല്‍പ്പാദക സംഘടന, പ്രാഥമിക സഹകരണ സംഘങ്ങള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ നാലു വിഭാഗങ്ങളായി ഉല്‍പ്പന്ന സംഭരണത്തിനു നല്കുന്ന ഒരു ലക്ഷം കോടി രൂപയില്‍ ഒരു രൂപയെങ്കിലും കേരള കര്‍ഷകരിലെത്തിക്കുന്നതിനുള്ള ഒരു പദ്ധതി പോലും തയ്യാറാക്കാത്ത കേരള സര്‍ക്കാര്‍ 30 ദിവസത്തിനകം പാ
വപ്പെട്ട ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പണം ലഭിക്കാനുള്ള വഴിയാണ് അടച്ചുകളഞ്ഞത്. റബ്ബര്‍ മേഖലയില്‍ മാത്രം 2200 ഉല്‍പ്പാദക സംഘങ്ങള്‍ ഉള്ള കേരളത്തില്‍ നാളികേരം, അടയ്ക്ക, സുഗന്ധവിളകള്‍, പാല്, പഴം, പച്ചക്കറി, തേന്‍ തുടങ്ങി വിവിധ തരം സൊസൈറ്റികളാണുള്ളത്. എന്നാല്‍ കേന്ദ്രവിഹിതം വാങ്ങിയെടുക്കാനുള്ള യാതൊരു പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്യുന്നില്ല.
ജൈവകൃഷിക്ക് എന്ത് ചെയ്തു?
10,000 കോടി രൂപ അനുവദിച്ചിട്ടുള്ള ജൈവ കൃഷി മേഖലയില്‍ മറ്റു സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ് (മാമ്പഴം), ആന്ധ്ര (മുളക്), തമിഴ്നാട് (മരച്ചീനി) എന്നീ ഇനങ്ങളില്‍ പദ്ധതി തയ്യാറാക്കി പണം വാങ്ങുമ്പോള്‍ കേരളം, സംസ്ഥാന ഫലമായ ചക്കയെ പാടെ മറന്നു.
ഔഷധ കൃഷി വേണ്ടേ ?
ആഗോള ആയുര്‍വേദ തലസ്ഥാനമായ കേരളത്തില്‍ ഔഷധകൃഷിക്ക് അനുവദിച്ച 4000 കോടി ലഭിക്കുമായിരുന്നു. പക്ഷേ, കേരളത്തിന്റെ പക്കല്‍ പദ്ധതികളില്ല. ഔഷധ കൃഷി മേഖലയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമായിരുന്നു. തേന്‍ ഉല്പാദന രംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടേറെ തേന്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് കൈത്താങ്ങ് ആകേണ്ട സംസ്ഥാന സര്‍ക്കാര്‍ അവരെ കൈയൊഴിഞ്ഞപ്പോഴാണ് കേന്ദ്രം 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ അതില്‍ ഒരു രൂപ പോലും വാങ്ങി എടുക്കാനുള്ള പദ്ധതികള്‍ കേരളത്തിന്റെ പക്കല്‍ ഇല്ല .
നാളികേര മേഖല
എട്ടു ലക്ഷം കര്‍ഷകരും മൂവായിരത്തിലധികം സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ നാളികേര മേഖല ഇന്ത്യയില്‍ 42 ശതമാനം നാളികേരം നല്കുന്ന വലിയ മേഖലയാണ്. എന്നിട്ടും കര്‍ഷകര്‍ ദുരിതത്തിലാണ്. മൂല്യവര്‍ദ്ധിതമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി ലോക വിപണി കീഴടക്കാന്‍ കഴിയുന്ന ഈ മേഖലയെ രക്ഷപ്പെടുത്തുവാന്‍ 122 കോടി രൂപയുടെ കേന്ദ്രസഹായം നേടാവുന്ന സുവര്‍ണാവസരമാണ് ഇത്. കേരള സര്‍ക്കാര്‍ അതിനു നേരെ കണ്ണടച്ചു നില്ക്കുന്നു.
മത്സ്യമേഖല
ഇന്ത്യയുടെ ആകെ തീര പ്രദേശത്തിന്റെ പത്തിലൊന്നു വരും കേരളത്തിന്റെ സമുദ്രതീരം. 164 കിലോമീറ്റര്‍ വരുന്ന ഉള്‍നാടന്‍ മത്സ്യബന്ധന മേഖല കൂടിച്ചേരുമ്പോള്‍ വലിയ മേഖലയാണ് ഇത്. രണ്ടു ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ഇവരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും വരുമാനമാര്‍ഗം സംരക്ഷിക്കുവാനും 3200 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും നല്ല സാഹചര്യമാണ് ഇപ്പോഴുള്ളത്. പക്ഷേ മത്സ്യമേഖലയെ അവഗണിച്ചു കൊണ്ട് ഇതര സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ മത്സ്യത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ട ഗതികേടാണ് ഇന്നുള്ളത് .
നെല്ല്
സ്വാതന്ത്ര്യം കിട്ടിയ കാലത്ത് കേരളത്തില്‍ പത്തുലക്ഷത്തിലധികം ഹെക്ടറില്‍ നെല്‍ക്കൃഷിയുണ്ടായിരുന്നു. ഇന്ന് ഒന്നര ലക്ഷം ഹെക്ടറായി താഴ്ന്നിരിക്കുന്നു. ആ മേഖല ഇന്ന് പല വെല്ലുവിളികളെയും നേരിടുകയുമാണ്. നെല്ലിന്റെ സംരക്ഷണം ഭക്ഷ്യസുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ച പാക്കേജിന്റെ മുഴുവന്‍ പ്രയോജനവും ഉപയോഗപ്പെടുത്തിയാല്‍ 3152 കോടി രൂപയുടെ വരുമാനമാണ് ഉടന്‍തന്നെ ലഭിക്കാനുഉള്ളത്.
ക്ഷീര മേഖല
12 ലക്ഷം ക്ഷീരകര്‍ഷകരാണ് കേരളത്തിലുള്ളത്. ഇവരില്‍ പകുതി കര്‍ഷകരെപ്പോലും സംഘടിത രീതിയില്‍ സംരക്ഷിക്കാന്‍ കേരള സര്‍ക്കാരിന് നയമോ പദ്ധതികളോ ഇല്ല. അതുകൊണ്ടുതന്നെ ഈ മേഖല ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുമുണ്ട്. ഉല്‍പ്പാദകര്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കേന്ദ്ര പദ്ധതികളെ ഉപയോഗപ്പെടുത്തിയാല്‍ 58 കോടി 80 ലക്ഷം രൂപയുടെ ആനുകൂല്യം നേടിയെടുക്കാം.
ചക്ക എന്ന സാധ്യത
കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിരിക്കുന്ന ചക്കയ്ക്ക് അനന്ത സാധ്യതകളാണുള്ളത്. ഈ രംഗത്ത് വേണ്ടത്ര ശ്രദ്ധ നാം ഇതുവരെ ചെലുത്തിയിട്ടില്ല. നൂറിലധികം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന മേഖല എന്ന നിലയില്‍ ആഗോള രംഗത്ത് നമുക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിയും. 50,000 ടണ്‍ ചക്ക പ്രതിവര്‍ഷം കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അത് മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനം നാളിതുവരെ ഇല്ല. ഇപ്പോള്‍ അങ്ങനെ ഒരു പദ്ധതി മുന്നോട്ടു വച്ചാല്‍ 800 കോടി രൂപയുടെ കേന്ദ്ര സഹായം നേടാം.
മാങ്ങ
മൂന്നു ലക്ഷത്തിലേറെ ടണ്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ മാങ്ങയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ ഇതുവരെ കാര്യമായ മുന്നേറ്റം ഒന്നും നാം നടത്തിയിട്ടില്ല. ഇതര സംസ്ഥാന വിപണികളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോവുകയാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ ലോകം മുഴുവന്‍ കീഴടക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. ഇന്നത്തെ സാഹചര്യത്തില്‍ 320 കോടി രൂപയുടെ കേന്ദ്ര സഹായം നേടാന്‍ കഴിയുന്ന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
കവുങ്ങ്, പൈനാപ്പിള്‍, കിഴങ്ങുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിങ്ങനെ കല്ലുമ്മക്കായയും കക്കായിറച്ചിയും വരെ നീളുന്ന വിഭവങ്ങള്‍ പിന്നെയുമുണ്ട്. പോര്‍വിളി മാറ്റി സഹകരണ മനോഭാവത്തോടെ കാര്യങ്ങളെ സമീപിക്കാനും ഭാവനാപൂര്‍ണമായി പദ്ധതികള്‍ ആവിഷ്കരിക്കാനും തയ്യാറായാല്‍ നമ്മുടെ മുന്നേറ്റത്തിനു ചവിട്ടുപടികളാകാവുന്ന മേഖലകള്‍ വിപുലവും വൈവിധ്യപൂര്‍ണവുമാണ്.
(അവസാനിച്ചു)
അഡ്വ. എസ്. ജയസൂര്യന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: