മട്ടാഞ്ചേരി: ലോക്ഡൗണില്‍ പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടും ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റോറോ സര്‍വീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. വൈപ്പിന്‍ ഹാര്‍ബറിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി പേരാണ് കൊച്ചിയിലുളളത്. അതുപോലെ കൊച്ചിയില്‍ ജോലി ചെയ്യുന്നവര്‍ വൈപ്പിനിലുമുണ്ട്.
ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജോലിക്കായി ഇരു കരകളിലേക്കും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.
നേരത്തേ വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് ഉണ്ടായിരുന്നുവെങ്കിലും നഷ്ടത്തിന്റെ പേരില്‍ കിന്‍കോ നിര്‍ത്തി. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലാണ് ബോട്ടും റോറോ വെസലുകളുമെങ്കിലും നടത്തിപ്പ് ചുമതല കിന്കോക്കാണ്. ഇപ്പോള്‍ അടിയന്തര ഘട്ടങ്ങളില്‍ പോകേണ്ടി വന്നാല്‍ ആളുകള്‍ നഗരം ചുറ്റിയാണ് പോകുന്നത്. ഇത് സമയ നഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നു.
ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് തുടങ്ങിയത് പോലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് റോറോ ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: