കോഴിക്കോട്: നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഓട്ടോ, ടാക്സികള്‍ ഓടി തുടങ്ങി. ഇന്നലെ രാവിലെ തന്നെ വാഹനങ്ങള്‍ സ്റ്റാന്റില്‍ എത്തിയെങ്കിലും എല്ലായിടങ്ങളിലും യാത്രക്കാര്‍ കുറവായിരുന്നു. മൂന്ന് മണിക്കൂറോളം സ്റ്റാന്റില്‍ കാത്തിരുന്നിട്ടും ഒരാള്‍ പോലും കയറാനില്ലാത്ത സ്ഥിതിയായതോടെ പലരും തിരിച്ച് പോയി.
ബസുകള്‍ ഓടിത്തുടങ്ങിയാല്‍ മാത്രമെ തങ്ങള്‍ക്കും ഓട്ടം ഉണ്ടാവുകയുള്ളൂ എന്നാണ് ഓട്ടോ, ടാക്സി തൊഴിലാളികള്‍ പറയുന്നത്. പരിചയമില്ലാത്തവരെ കയറ്റാന്‍ കൊറോണ ഭയത്താല്‍ നഗരത്തില്‍ ഓട്ടോ, ടാക്സി സര്‍വ്വീസ് നടത്തുന്ന പലരും തയ്യാറായില്ല. സാധാരണ നിലയിലാവും വരെ ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ മാത്രം ഓട്ടം പോകാമെന്നാണ് നാട്ടിന്‍പുറങ്ങളിലുള്ള ഓട്ടോ, ടാക്സി തൊഴിലാളികളില്‍ പലരും പറയുന്നത്.
ക്ഷേമനിധി അംഗങ്ങളായ ഭൂരിഭാഗം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ സഹായധനം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പലര്‍ക്കും ഇതില്‍ അറിവുണ്ടായിരുന്നില്ല. അക്ഷയ സെന്ററുകള്‍ അടഞ്ഞ് കിടന്നതും തിരിച്ചടിയായി. ഇപ്പോള്‍ വീണ്ടും തുറന്ന അക്ഷയ സെന്ററുകള്‍ വഴി അപേക്ഷ നല്കാന് പോയവര്‍ക്ക് സമയപരിധി കഴിഞ്ഞെന്നാണ് ലഭിച്ച മറുപടി. പണം പലിശയ്ക്ക് വാങ്ങിയും മറ്റുമാണ് ലോക്ഡൗണില്‍ ഇവര്‍ ഇത്രയും നാള് ജീവിതം മുന്നോട്ട് നീക്കിയത്. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് ഓട്ടോ, ടാക്സി തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: