മുക്കം: ചാലിയാര്‍ പുഴയുടെ ചെറുവാടി കടവില്‍ നിന്നും അനധികൃതമായി പുഴമണല്‍ കയറ്റിക്കൊണ്ടു വന്ന ടിപ്പര്‍ ലോറി മുക്കം പോലീസ് പിടികൂടി.
ലോക്ക്ഡൗണിനു ഇളവുകള്‍ വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുവാടി കടവില്‍ നിന്നും അനധികൃത മണല്‍ വാരല്‍ ആരംഭിച്ചതായി മുക്കം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ കടവിലേക്കുള്ള വഴിയില്‍ വരെ വിവിധ സ്ഥലങ്ങളില്‍ പോലീസിന്റെ നീക്കം മനസ്സിലാക്കി എസ്‌കോര്‍ട്ടുകാര്‍ മണല്‍ കടത്തുകാര്‍ക്കു വിവരം കൈമാറുന്നതു പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. മാത്രമല്ല പുഴയുടെ മറുകര മലപ്പുറം ജില്ലയായതിനാല്‍ ഏതെങ്കിലും തരത്തില്‍ പോലീസിന്റെ നീക്കം അറിഞ്ഞാല്‍ തോണിയില്‍ കയറ്റിയ മണല്‍ മറുകരയിലേക്കു കടത്തിക്കൊണ്ടു പോയി അവിടെ നിന്നും ലോറിയില്‍ കയറ്റി കൊണ്ട് പോകുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി വാഴക്കാട് പോലീസിന്റെ പട്രോളിങ് ബോട്ട് ശ്രദ്ധയില്‍പ്പെട്ട ഉടനെ മണല്‍ കയറ്റിയ രണ്ടു തോണികള്‍ മണല്‍ കൊള്ളക്കാര്‍ വെള്ളത്തില്‍ താഴ്‌ത്തുകയായിരുന്നു. ഇത്തരത്തില്‍ അനധികൃത മണല്‍ കടത്തു ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങിയതോടെയാണ് മുക്കം പോലീസ് അനധികൃത മണല്‍ കടത്തു ഏതു വിധേനയും പിടികൂടാനുള്ള പദ്ധതി തയാറാക്കിയത്.
മഫ്തി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണല്‍ കടവുകളില്‍ നിരീക്ഷണം നടത്തി മണല്‍ കടത്തുകാരുടെ രീതികള്‍ മനസ്സിലാക്കിയ പോലീസ് സംഘം യാതൊരു സംശയത്തിനും ഇടനല്‍കാതെ എസ്‌കോര്‍ട്ടുകാരുടെ കണ്ണുവെട്ടിച്ചു കടവിന് സമീപം കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ ആദ്യ ലോറി കടവിലേക്ക് കടന്നതും പോലീസ് സംഘം കടവില്‍ നിന്നും മണല്‍ കയറ്റി വരുന്ന വഴിയില്‍ മറ്റൊരു ലോറി കുറുകെയിട്ടു മാര്‍ഗതടസ്സമുണ്ടാക്കി മണല്‍കയറ്റിവന്ന കെഎല്‍ 57 8322 നമ്പര്‍ ടിപ്പര്‍ ലോറി തടയുകയായിരുന്നു. പോലീസുകാരെ കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ ടിപ്പര്‍ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് സംഘം മണല്‍ കയറ്റിവന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സലീം മുട്ടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, അഭിലാഷ് കോടഞ്ചേരി, നൈറ്റ് ചെക്കിങ് ഓഫീസര്‍ എഎസ്‌ഐ സാജു, ഡ്രൈവര്‍ സിപിഒ നാസര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് മണല്‍ ലോറി പിടികൂടിയത്. പിടികൂടിയ മണല്‍ ലോറിയുടെ ഉടമസ്ഥനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വരും ദിവസങ്ങളിലും മണല്‍ കടവുകളില്‍ നിരീക്ഷണം ശക്തമാക്കി അനധികൃത മണല്‍ വാരലിനെതിരെ നിയമനടപടി ശക്തമാക്കുമെന്നും മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: