പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്കുന്നതു സംബന്ധിച്ചുള്ള സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ ഹിയറിങ് ഇന്ന് നടക്കാനിരിക്കെ നാട്ടുകാര്‍ ആശങ്കയില്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ് ബോര്‍ഡ് തീരുമാനമായി പുറത്തുവരിക. ബോര്‍ഡ് ചെയര്‍മാനായ ചീഫ് സെക്രട്ടറി നിരവധി തവണ ക്വാറി കമ്പനിക്ക് വേണ്ടി അനധികൃതമായി ഇടപെട്ടിട്ടുണ്ട്. ചെങ്ങോടുമലയില്‍ ക്വാറി മാഫിയ തകര്‍ത്ത ടാങ്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് നിര്‍മിക്കുന്നതിനും ചീഫ് സെക്രട്ടറി എതിരുനിന്നിട്ടുണ്ട്.
ലോക്ഡൗണായിട്ടുപോലും പഞ്ചായത്ത് സെക്രട്ടറിയോട് തിരുവനന്തപുരത്ത് നേരിട്ട് ഹാജരാവാനാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. പാരിസ്ഥിതികാനുമതി പോലും ലഭിക്കാത്ത ഈ ക്വാറിക്ക് വേണ്ടി ചീഫ് സെക്രട്ടറിയെ മുന്‍നിര്‍ത്തി മന്ത്രിസഭയിലെ ഒരു പ്രമുഖകനാണ് കരുക്കള്‍ നീക്കുന്നതെന്ന ആരോപണമുണ്ട്. കമ്പനിക്ക് ആദ്യം നല്കിയ പാരിസ്ഥിതികാനുമതി വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി രണ്ടാമതൊരു പാരിസ്ഥിതികാനുമതിക്ക് വേണ്ടി ശ്രമിക്കുകയാണിപ്പോള്‍. കമ്പനി തന്നെ തട്ടിക്കൂട്ടിയ സ്വകാര്യ ഏജന്‍സിയുടെ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് അനുമതിക്ക് നീക്കം നടക്കുന്നത്. ഇവിടെ ക്വാറി യാഥാര്‍ത്ഥ്യമായാല്‍ അത് ജില്ലയില്‍ ഏറ്റവും വലുതായിരിക്കുമെന്ന് ജില്ലാ ജിയോളജി വിഭാഗം തന്നെ വ്യക്തമാക്കുന്നു. ഒരു വര്‍ഷം 2,88,800 മെട്രിക് ടണ്‍ പാറ പൊട്ടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്.
അതേസമയം ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ കോട്ടൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അരീക്കര ഷിനിജ, പൂവ്വത്തും ചോല ജിഷ, പി.സി. പ്രമോദ്, പി.സി. സുരേഷ് എന്നിവരാണ് ഇന്നലെ സത്യഗ്രഹമിരുന്നത്. ഖനനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് തീരുമാനമെടുത്തതോടെയാണ് സമരം ആരംഭിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ഡിസിസി മെമ്പര്‍ സി.എച്ച്. സുരേന്ദ്രന്, കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍, പി.കെ. ശശിധരന്, കെ.എച്ച്. അമീന് ഇഹ്സാന്‍, ബിജെപി മണ്ഡലം ജന സെക്രട്ടറി രാജേഷ് പുത്തഞ്ചേരി എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചും കവി വീരാന്‍ കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുറുക്കുവഴിയിലൂടെ ഭരണകൂടവും ഉദ്യോഗസ്ഥരും ക്വാറിക്ക് അനുമതി നല്കാന് ശ്രമിക്കുകയാണ്. രണ്ടു വര്‍ഷമായി നാട്ടുകാര്‍ സമരം നടത്തിയിട്ടും ഭരണകൂടത്തിന്റെ കണ്ണു തെളിയാത്തത് ഖേദകരമാണെന്നും വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു. ചിത്രകാരന് ലിതേഷ് കരുണാകരന് സമരപന്തല്‍ സന്ദര്‍ശിച്ച് ചിത്രം വരച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: