അടിമാലി: ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ കല്ലാര്‍കുട്ടി 53-ാം നമ്പര്‍ റേഷന്‍ക്കടയില്‍ ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം കടയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
ഏപ്രില്‍ മാസത്തില്‍ മരണപ്പെട്ടയാളുടെ പേരിലുണ്ടായിരുന്ന റേഷന്‍ വിഹിതവും കൊറോണ കാലത്ത് നല്കിയ സൗജന്യ കിറ്റുകളും ലൈസന്‍സ് ഉടമയായ തെക്കേത്തെരുവില്‍ മേരി ദേവസ്യ സ്വന്തം പേരില്‍ പതിപ്പിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി.
കാര്‍ഡുടമയായിരുന്ന കല്ലാര്‍കുട്ടി ഓലിക്കല്‍ വീട്ടില്‍ രാമന് ഭാസ്കരന്റെ റേഷന്‍ വിഹിതമാണ് കടയുടമ പതിപ്പിച്ചെടുത്തത്. ക്രമക്കേട് മനസിലായതോടെ മരിച്ചയാളുടെ ബന്ധുക്കള്‍ ഒരാഴ്ച മുമ്പ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ പരാതി നല്‍കിയിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ചിനു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ബില്ഫ്രട്ട് ബി, ഉദ്യോഗസ്ഥരായ ജയചന്ദ്രന്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ റേഷന്‍കടയില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയതോടെ റേഷന്‍കട അടപ്പിക്കുകയും ലൈസന്‍സ് സസ്പെന്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: