തിരുവല്ല: പാലിയക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത നീക്കം. മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍ ഡിജിപിയുടെ ഇടപെടലാണ് തുടക്കം മുതല്‍ കേസിനെ വഴിതിരിച്ച് വിടാന്‍ നോക്കുന്നത്. സഭയുടെ തന്നെ ചുമതലയുള്ള സ്വകാര്യ മെഡിക്കല്‍ കൊളേജിന്റെ ഉന്നത പദവിയിലിരിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ കേസന്വേഷണം നടത്തുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അടക്കം അവസാനവാക്കാണെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
വിദ്യാര്‍ത്ഥിനി കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള തിരക്കഥയും തയ്യാറായിരുന്നു. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും പോലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസവും തുടക്കത്തില്‍ തന്നെ ദുരൂഹത ഉണ്ടാക്കിയിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ മരണം സ്ഥിരീകരിച്ച ഡോക്ടറിന്റെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും മൊഴിരേഖപ്പെടുത്തിയിട്ടില്ല.
സംഭവ ദിവസം രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേല്‍മൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയായ സിസ്റ്ററുടെ മൊഴി. എന്നാല്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോണ്‍സിയാണ് 11.45ഓടെ പൊലീസില്‍ വിവരമറിയിച്ചത്. 12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്പ് ആംബുലന്‍സ് മഠത്തില്‍ എത്തിയിരുന്നു.
ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ് മേല്മൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയില്‍ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന തിരുവല്ല സ്റ്റേഷന് ഓഫിസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഠത്തിലെ പതിവ് പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം പഠനക്ലാസ് നടക്കവേ മുറിവിട്ടിറങ്ങിയ ദിവ്യ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മരിച്ച ദിവ്യ പി. ജോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: