പേയാട് കണ്ണശ മിഷന് ഹൈസ്കൂളിലെ കുട്ടികള്‍ തങ്ങളുടെ നന്മപ്പെട്ടി തുറന്നു. അതിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസത്തിന് നല്കി അവര്‍ വീണ്ടും നാടിന് മാതൃകയായി.
ക്ലാസ് മുറികളില്‍ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയില്‍ ഒറ്റരൂപ നാണയങ്ങള്‍ നിക്ഷേപിച്ച് 42 നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം 500 രൂപ പെന്ഷന് നല്കുന്ന പദ്ധതി കഴിഞ്ഞ നാലു വര്‍ഷമായി വിജയകരമായി നടത്തിവരുന്ന സ്കൂളാണിത്. സ്കൂളിലെ 1700 കുട്ടികളും നന്മ പദ്ധതിയുടെ ഭാഗമാണ്. ഓരോ മാസവും പെന്ഷന് നല്‍കിയശേഷം മിച്ചം വരുന്ന തുക അവര്‍ നീക്കിവയ്ക്കും. ഇങ്ങനെ നീക്കിവയ്ക്കുന്ന പണം നാട്ടിലെ നല്ല കാര്യങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്.
2018 ല്‍ കണ്ണശയിലെ കുട്ടികള്‍ ഇത്തരത്തില്‍ കരുതിവച്ചതില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് പ്രളയദുരിതാശ്വാസത്തിലേക്ക് നല്‍കിയത്. 2019 ല്‍ വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബ് ശീതീകരിക്കുന്നതിനും റീഏജന്റ് വാങ്ങുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 90,000 രൂപയാണ് നന്മ പദ്ധതിയിലൂടെ കുട്ടികള്‍ സംഭാവന ചെയ്തത്. ഇത്തവണ കൊറോണ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണശയിലെ കുട്ടികള്‍ തങ്ങളുടെ പങ്ക് നല്കാന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റും ഒപ്പം ചേര്‍ന്നു. 50,000 രൂപയാണ് ഇന്നലെയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ഐ.ബി. സതീഷ് എംഎല്‍എയ്ക്ക് കൈമാറിയത്.
നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്, സ്കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പിടിഎ പ്രസിഡന്റ് ശ്രീകാന്ത്, വിദ്യാര്‍ഥി പ്രതിനിധി അദൈ്വത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: