പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണ പ്രദേശങ്ങളില്‍ താല്‍ക്കാലിക സുരക്ഷ ഒരുക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ദുരന്ത നിവാരണ നിയമപ്രകാരം അനുമതി നല്കിയ മണല്‍ നീക്കം മന്ത്രി സുധാകരന് ഇടപെട്ട് തടസ്സപ്പെടുത്തി.
ജിയോ ട്യൂബുകളുടെ നിര്‍മാണം ഈ വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ആലപ്പുഴ തോട്ടപ്പള്ളിയില്‍ ശേഖരിച്ചിട്ടുള്ള മണ്ണ് ചെല്ലാനത്തേക്ക് എത്തിക്കാന്‍ തീരുമാനമുണ്ടായത്. അടിയന്തര ഘട്ടത്തില്‍ മണല്‍ചാക്ക് നിറച്ച് കടലാക്രമണത്തെ പ്രതിരോധിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ ശേഖരിക്കുന്ന വാഹനങ്ങള്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തടയുകയായിരുന്നു. ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ചെല്ലാനം തീരം. പ്രഷുബ്ദമായ കടല്‍ ഏതു സമയവും കരയിലേക്ക് കയറാമെന്ന നിലയിലാണ്.
സാധാരണ ഗതിയില്‍ കടലാക്രമണ സാധ്യത മുന്‍നിര്‍ത്തി ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാറുണ്ട്. കൊറോണ മൂലം ഇതു സാധ്യമല്ല. കഴിഞ്ഞയാഴ്ച ചെല്ലാനം തീരത്തെ പ്രശ്നങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തോട്ടപ്പള്ളിയില്‍ നിന്ന് മണല്‍ ശേഖരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തോട്ടപ്പള്ളിയില്‍ ശേഖരിച്ചിട്ടുള്ള 2,50,000 ക്യൂബിക് മീറ്റര്‍ മണല്‍ ശേഖരത്തില്‍ നിന്നാണ് ചെല്ലാനം തീരത്തെ ആവശ്യത്തിനായി 7,850 ക്യുബിക് മീറ്റര്‍ മണ്ണ് ആവശ്യപ്പെട്ടിട്ടത്.
ചെല്ലാനം നിവാസികള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി പ്രതിഷേധവും സമരങ്ങളും നടത്തിയിട്ടും സര്‍ക്കാരിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ മന്ത്രി സുധാകരന് നടത്തിയ നീക്കം വിവാദമുയര്‍ത്തിയിരിക്കുകയാണ്.
മന്ത്രി ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: