തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ശനിയാഴ്ച രൂപമെടുത്ത ഉം പുന്ചുഴലിക്കാറ്റിന്റെ ശക്തി അല്പം കുറഞ്ഞു. കരതൊടുമ്പോള്‍ വലിയ നാശത്തിന് സാധ്യത. നാളെ ഉച്ചകഴിഞ്ഞ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായാണ് ചുഴലി കരതൊടുക.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലി മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്. ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉം പുന്. മാരക സംഹാര ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാറ്റുകളാണ് സൂപ്പര്‍ സൈക്ലോണ്‍ ഗണത്തില്‍ വരുന്നത്.
ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ലുആര്) വഴി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎംഡിയുടെ കേന്ദ്രത്തില്‍ നിന്ന് ചുഴലിക്കാറ്റിനെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ആറ് മണിക്കൂറിനിടെ മണിക്കൂറില്‍ 17 കിലോ മീറ്റര്‍ വേഗത്തില്‍ വടക്ക്-കിഴക്ക് ദിശയിലാണ് കാറ്റ് നീങ്ങുന്നത്. ഒഡീഷയിലെ പാരാദ്വീപില്‍ നിന്ന് 420 കിലോ മീറ്റര്‍ അകലെയും പശ്ചിമ ബംഗാളിലെ ദിംഗയില്‍ നിന്ന് 570 കിലോ മീറ്റര്‍ അകലെയുമാണ് സ്ഥാനം. പശ്ചിമബംഗാളിലെ ദിഗക്കും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലൂടെ ഉം പുന് തീരം തൊടുമെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍.
നാളെ ഉച്ചകഴിഞ്ഞാകും 155-165 കിലോ മീറ്റര്‍ വേഗത്തില്‍ ചുഴലി തീരം തൊടുക. തീരം തൊടുമ്പോള്‍ പശ്ചിമ ബംഗാള്‍ തീരത്ത് തിരമാലകള്‍ക്ക് നാല് മീറ്റര്‍ വരെ ഉയരം ഉണ്ടാകാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കനത്തമഴയും ഇടിമിന്നലും ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി തുടരും. പശ്ചിമ ബംഗാളില്‍ നാളെ തീവ്രമഴക്കും സാധ്യതയുണ്ട്. രാത്രിയോടെ 75-85 കിലോ മീറ്ററായി ചുഴലിക്കാറ്റിന്റെ വേഗത കുറയും. 21ന് രാവിലെ ഡിപ്രഷനായി മാറി ചുഴലിക്കാറ്റ് ദുര്‍ബലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: