തിരുവനന്തപുരം: ബിബിസി അഭിമുത്തില്‍ പറഞ്ഞ വിവരക്കേടിനെതിരെ ശക്തമായ പ്രതികരണവുമായി ഗോവ രംഗത്തെത്തിയതോടെ പറഞ്ഞത് വിഴുങ്ങി അരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഷൈലജയെ തിരുത്തി ഇന്ന് ഉച്ചയ്ക്ക് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മണ്ടത്തരമായ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
കേരളത്തില്‍ മൂന്നു മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ കേരളത്തിലെ കോവിഡ് മരണസംഖ്യ നാലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്ക് മാധ്യമപ്രവര്ത്തകന് മുന്നോട്ടുവച്ചത്. എന്നാല്‍, ഇതു തള്ളിയ ആരോഗ്യമന്ത്രി മുന്നൂ പേരാണ് കേരളത്തില്‍ മരിച്ചതെന്നും ഒരാള്‍ ഗോവയില്‍ നിന്ന് കേരളത്തില്‍ ചികിത്സയില്‍ എത്തിയതാണെന്നുമുള്ള വിവരക്കേട് പറഞ്ഞത്.
യഥാര്‍ത്ഥത്തില്‍ മാഹിയില്‍ നിന്നുള്ള വ്യക്തിയാണ് ചികിത്സയ്ക്കിടെ കേരളത്തില്‍ വച്ചു മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതു പ്രദേശത്തുവച്ചാണോ കോവിഡ് മരണം സംഭവിക്കുന്നത് അത് ആ പ്രദേശത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുക. ഗോവയില്‍ നിന്ന് ഒരാള്‍ പോലും കേരളത്തില്‍ ചികിത്സയില്‍ എത്തിയിരുന്നില്ല. ഇക്കാര്യം മറച്ചുവെച്ചാണ് ഷൈലജ വ്യാജ പ്രചരണം നയിച്ചത്. ഗോവയില്‍ നിന്നെത്തിയ രോഗിയാണ് മരിച്ചതെന്നു മന്ത്രി ഷൈലജ പറയുന്ന വീഡിയോ സഹിതം ട്വീറ്റ് ചെയ്ത് ഗോവ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇത് വൈറലായതോടെയാണ് തിരുത്തലുമായി ഷൈലജ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: