കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ ധൃതിപിടിച്ച് നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസ ലോബിയെയും ന്യൂനപക്ഷ മാനേജ്‌മെന്റിനെയും സഹായിക്കാൻ. കഴിഞ്ഞ 18ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരീക്ഷമാറ്റിവെക്കാന്‍ തീരുമാനിച്ചു. ഈ വിവരം മന്ത്രി തന്നെ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ ഈ മാസം 26 മുതല്‍ 30 വരെ പരീക്ഷ നടക്കുമെന്നും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലെ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ സ്വാശ്രയ വിദ്യാഭ്യാസ ലോബിയും ന്യൂനപക്ഷ വിദ്യാഭ്യാസ ലോബിയുമാണെന്ന ആരോപണം ശക്തമാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് മന്ത്രി കെ.ടി.ജലീലും ഫസല്‍ ഗഫൂറും പി.ജെ.ജോസഫുമാണെന്ന ആരോപണമാണ് ഭരണകക്ഷികള്‍ പോലും ഉന്നയിക്കുന്നത്.
എസ്എസ്എല്‍സി, പ്ലസ് ടൂ, വിഎച്ച്‌സി പരീക്ഷകളില്‍ 12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തി ജൂണ്‍ 20 ഓടെ ഫലം പ്രഖ്യാപിച്ച് 25 ഓടെ മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. സ്വാശ്രയ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്‌ക്ക് കുട്ടികളെ എത്തിക്കാനുള്ള പാലമായിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.
സിബിഎസ്‌സി, നീറ്റ് എന്നി പരീക്ഷകള്‍ അടക്കം എല്ലാ കേന്ദ്രപരീക്ഷകളും ജൂലൈയിലേയ്‌ക്ക് മാറ്റിവെച്ചു. ലോകത്ത് എല്ലായിടത്തും അക്കാദമിക്ക് കലണ്ടറില്‍ മാറ്റംവരുത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം പരീക്ഷയുമായി മുമ്പോട്ട് പോകുന്നത് ദുരൂഹമാണ്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ പ്രീണിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നില്‍. സര്‍ക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലിയാടാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: