വിജ്ഞാനമയകോശവിവരണം തുടരുന്നു
ശ്ലോകം 186
അനാദികാലോളയമഹം സ്വഭാവോ
ജീവഃ സമസ്തവ്യവഹാര വോഢാ
കരോതി കര്മ്മാണ്യനുപൂര്വ്വവാസനഃ
പുണ്യാന്യപുണ്യാനി ച തത് ഫലാനി
ശ്ലോകം 187
ഭുങ്ക്തേ വിചിത്രാസ്വപി
യോനിഷു വ്രജന്‍
ആയാതി നിര്യാത്യധ ഊര്ദ്ധ്വമേഷഃ
അസൈ്യവ വിജ്ഞാന മയസ്യ ജാഗ്രത്
സ്വപ്നാദ്യവസ്ഥാഃ സുഖദുഃഖഭോഗഃ
ഇത് അനാദിയാണ്. ഞാന്‍ എന്ന സ്വഭാവത്തോടു കൂടിയതും ജീവന് എന്ന പേരോട് കൂടിയതുമാണ്. ഇതാണ് സകല പ്രവര്‍ത്തനങ്ങളും നടത്തുന്നത്.പൂര്‍വ്വ വാസനയ്ക്കനുസരിച്ച് പുണ്യപാപ കര്‍മ്മങ്ങളെ ചെയ്യുന്നതും അതിന്റെ ഫലം അനുഭവിക്കുന്നതും ഇതാണ്. പല വിധത്തിലുള്ള ജന്മമെടുത്ത് മുകളിലും താഴെയുമായി വന്നും പോയും ഇരിക്കുന്നതും ഇത് തന്നെ. ജാഗ്രത് സ്വപ്നം തുടങ്ങിയ അവസ്ഥകളും സുഖദുഃഖ അനുഭവങ്ങളും വിജ്ഞാനമയകോശത്തിന്റെയാണ്.
വിജ്ഞാനമയകോശം എന്താണ്? എങ്ങിനെയൊക്കെയായിത്തീരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള വിശദീകരണമായി ഈ രണ്ട് ശ്ലോകങ്ങളെ കാണാം. ഞാന്‍ എന്ന ഭാവത്തോടു കൂടിയ വിജ്ഞാനമയം അനാദിയാണ്. ഞാന്‍ എന്ന ഭാവം അഥവാ അഹങ്കാരം അനാദിയെന്ന് പറയുന്നു.കാലം തുടങ്ങുന്നതിന് മുമ്പ് അതുണ്ട്. ഏതെങ്കിലും ഒന്നിനെക്കുറിച്ച് അറിയണമെങ്കില്‍ അതിനെ അറിയുന്ന ആള് ആദ്യം ഉണ്ടാകണം. വിഷയമുണ്ടായാലും അതറിയാന്‍ ഞാന്‍ ഇല്ലെങ്കില്‍
പിന്നെ എന്ത് കാര്യം? അനുഭവിക്കുന്നയാള്‍ ഞാന്‍ ആയതിനാല്‍ ആദ്യമുണ്ടായത് ഞാന്‍ തന്നെ. സൃഷ്ടിയുടെ തുടക്കം തന്നെ ഞാന്‍ എന്നും എന്റെത് എന്നും അഭിമാനം ഉണ്ടായപ്പോഴാണ്. അപ്പോള്‍ കാലം തുടങ്ങിയിട്ടില്ല എന്ന് പറയാം എന്നതിനാല്‍ അഹങ്കാരത്തെ അനാദി എന്ന് പറയുന്നു.
വിജ്ഞാനമയം അഥവാ ബുദ്ധിയെ ആദിയുള്ളതായി തോന്നാമെങ്കിലും അത് മഹാപ്രളയത്തിലും കാരണ രൂപത്തില്‍ അവ്യക്തമായി നില
നില്‍ക്കുന്നുണ്ട്. വീണ്ടും സൃഷ്ടി നടക്കുമ്പോള്‍ ഇത് തന്നെയാണ് സ്രഷ്ടാവിലൂടെ പ്രകടമാകുന്നത്. മുക്തി നേടുമ്പോള്‍ ആത്മസ്വരൂപമായിത്തീരുകയും ചെയ്യും. അത് എന്ന് തുടങ്ങി എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍ ആ വിജ്ഞാനമയമോ ഞാന്‍ എന്ന ഭാവമോ എന്ന് ആരംഭിച്ചു എന്ന് പറയാന്‍ കഴിയില്ല. അത് ഇന്നലെയും ഉണ്ടായിരുന്നു ഇന്നും ഉണ്ട് അതിനൊരു നാളേയുണ്ട്. അനാദിയായ അഹങ്കാരത്തെ തന്നെയാണ് ജീവന് എന്ന് പറയുന്നത്.
ആത്മചൈതന്യമായ ജീവന് സങ്കല്പങ്ങളുമായി ചേര്‍ന്ന് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. സങ്കല്പങ്ങള് ജഡമാണെങ്കിലും ജീവനുമായി ചേരുമ്പോള്‍ ചേതനയുള്ളതായി മാറുന്നു. തുടര്‍ന്ന് ലോക വ്യവഹാരങ്ങള്‍ ചെയ്യാനാകും. ലൗകികവും വൈദികവുമായ എല്ലാ കര്‍മ്മങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്താം. ഞാന്‍ തന്നെയാണ് അവയൊക്കെ ചെയ്യുന്നത്. സങ്കല്പങ്ങളെ വിട്ടാല്‍ അഹങ്കാരവും പ്രവര്‍ത്തനങ്ങളും ഇല്ലാതാകും. പൂര്‍വ്വ വാസനയ്ക്കനുസരിച്ചാണ് ജീവന് ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രവിഹിതവും അല്ലാത്തതുമായ കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരും. അത് ചിലപ്പോള്‍ പുണ്യകര്‍മ്മമാകും, മറ്റ് ചിലപ്പോള്‍ പാപവും. അതനുസരിച്ച് ഫലങ്ങളും ഉണ്ടാകും.
ഈ കര്‍മ്മഫലങ്ങളെ അനുഭവിക്കാനായി വിവിധങ്ങളായ വിചിത്രങ്ങളായ യോനികളില്‍ വന്ന് പിറക്കേണ്ടി വരും. ചിലപ്പോള്‍ ഉത്കൃഷ്ട ജന്മമാകാം. ഫലമനുസരിച്ച് നികൃഷ്ടജന്മവും കിട്ടും. ദേവ, മനുഷ്യ, മൃഗ, പക്ഷി യോനികളിലായി പിറക്കേണ്ടി വരും. സ്വര്‍ഗ്ഗം, ഭൂമി, അധോലോകം, നരകം എന്നിവയിലൊക്കെ പോകണം.
ഇങ്ങനെ മുകളിലും താഴേയുമായി വന്നും പോയും കഴിഞ്ഞുകൂടണം. ചെയ്തുകൂട്ടിയ കര്‍മ്മത്തിന്റെ ഫലം അനഭവിച്ച് തന്നെ തീരണം. ഈ ജന്മത്തില് തന്നെ ജാഗ്രത്, സ്വപ്നം തുടങ്ങിയ അവസ്ഥകളും സുഖം, ദുഃഖം എന്നീ അനുഭവങ്ങളും വിജ്ഞാനമയ കോശവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനുഭവങ്ങള്‍ എന്ത് തന്നെയായാലും അവയിലൊക്കെ ഞാന്‍ എന്ന അഭിമാനത്തോടെയാണ് അതിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: