ലക്നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി 1000 ബസുകള്‍ ഓടിക്കാമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചത്.. സര്‍ക്കാര്‍ പ്രിയങ്കയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും 1000 ബസുകളുടേയും അവയുടെ ഡ്രൈവര്‍മാരുടേയും വിശദാംശങ്ങള്‍ എത്രയും വേഗം നല്കാന് ആവശ്യപ്പെട്ടു കൊണ്ട് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതിയിരുന്നു.ബസുകളുടെ പട്ടികയ്ക്കൊപ്പം തൊഴിലാളികളുടെ പട്ടികയും തന്നാല്‍ അവരെ സംസ്ഥാനത്തേയ്ക്ക് വരാന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിരുന്നു.
ആദ്യം ഇതിനെ എതിര്‍ത്ത് പ്രിയങ്ക പിന്നീട് ബസുകളുടെ പട്ടിക നല്‍കിയിരുന്നു. ആ പട്ടികയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പട്ടികയില്‍ നല്‍കിയിരിക്കുന്ന ബസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതലും ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും. ഒപ്പം, യുപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബസുകളും ഈ പട്ടികയില്‍ ഇടംപിടിച്ചു.
ഈ പട്ടികയുടെ രേഖകള്‍ പുറത്തുവിട്ട ശേഷം വിഷയത്തില്‍ കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കുമെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തി. തൊഴിലാളികളുടെ പ്രീതി പിടിച്ചുപറ്റാന്‍ നോക്കിയതാണ് പ്രിയങ്ക. ആയിരം ബസുകള്‍ അയക്കാമെന്ന നിര്‍ദേശം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കെണിയില്പെട്ടുപോയി. എവിടെ നിന്നോ കുറേ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ഇനിയെങ്കിലും നാണംകെട്ട രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും പ്രിയങ്കയും തയാറാകണമെന്നും ബിജെപി നേതാവ് സംപീത് പാത്ര വ്യക്തമാക്കി.
ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ മൈതാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടിയിരിക്കുന്നു. യുപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരു മാസം മുമ്പ് അവര്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. 1000 ബസുകള്‍ ഓടിക്കാമെന്ന് ഞങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അവരെ യുപി അതിര്‍ത്തിയിലെത്തിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. സര്‍ക്കാര്‍ തൊഴിലാളികളെ സഹായിക്കുന്നതുമില്ല. മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഈ ട്വീറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനു തന്നെ കെണയായി മാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: