തിരുവനന്തപുരം: കെഎസ്ആര്‍ടിസി നാളെ മുതല്‍ ജില്ലകളില്‍ സർവ്വീസ് ആരംഭിക്കും. തിരക്ക് ഒഴിവാക്കാന്‍ രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അല്ലാത്ത സമയങ്ങളില്‍ സര്‍വീസ് പകുതിയായി കുറയ്‌ക്കും. എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. അതേ സമയം സ്വകാര്യ ബസ്സുകൾ ഓടില്ല. ഇരട്ടി നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം.
ജില്ലകള്‍ക്കുള്ളില്‍ പരമാവധി സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എല്ലാ യൂണിറ്റുകളിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കികഴിഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ് ലോഡ് ചെയ്യണം. ജീവനക്കാര്‍ക്കുള്ള മാസ്കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു.ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. ഇക്കാര്യത്തില്‍ സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സര്‍വീസ് നടത്തുന്നില്ലെന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോയെന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ലെന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. നിലവിലെ പ്രതിസന്ധിയെ സ്വകാര്യ ബസ് ഉടമകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: