കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളും ട്രൈബ്യൂണലുകളും അനുവദിച്ച സ്റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ അധ്യക്ഷനായ ഫുള്‍ബെഞ്ച് ഇന്നലെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. കോടതികള്‍ അനുവദിച്ച ഇടക്കാല ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.
ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 25 ന് ഇടക്കാല ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 30 വരെയാക്കി ഫുള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. വീണ്ടും ലോക്ഡൗണ്‍ നീട്ടിയതോടെയാണ് മാര്‍ച്ച് 25ലെ ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി ഇപ്പോള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് അനിവാര്യമായ കേസുകളില്‍ പോലും ഇതിന്റെ പേരില്‍ പ്രതികള്‍ കോടതികളില്‍ നിന്ന് ജാമ്യം നേടുന്ന സ്ഥിതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് തൊണ്ടി മുതല്‍ കണ്ടെടുക്കല്‍ പോലെയുള്ള നടപടികള്‍ ആവശ്യമുള്ള സാഹചര്യത്തില്‍ അറസ്റ്റിന് തടസമില്ലെന്നും ഇത്തരം കേസുകളിലെ ജാമ്യ ഹര്‍ജികളില്‍ കീഴ് കോടതികള്‍ക്ക് ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതെ ഉചിതമായ തീരുമാനമെടുക്കാമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.
വിചാരണത്തടവുകാര്‍, റിമാന്‍ഡ് തടവുകാര്‍ എന്നിവര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം മേയ് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്നവരാകണം, ഇത്തരം പ്രതികള്‍ സ്ഥിരം കുറ്റവാളികളോ, ഒന്നിലേറെ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആവരുത്. ഇടക്കാല ജാമ്യം മേയ് 31 വരെയാണ് നീട്ടിയതെങ്കിലും ലോക്ക് ഡൗണ്‍ നീണ്ടാല്‍ ജാമ്യ കാലവും നീളും. ജാമ്യ കാലാവധി പൂര്‍ത്തിയായി മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന വ്യവസ്ഥ ഏഴു ദിവസമാക്കിയിട്ടുമുണ്ട്.
















