കോഴിക്കോട്: രണ്ടര വര്‍ഷം മുന്‍പ് പറമ്പില്‍ബസാര്‍ പോലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് തയാറാക്കി. മൃതദേഹത്തിന്റെ തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കുന്ന ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ (മുഖരൂപം വാര്‍ത്തെടുക്കല്‍) രീതിയാണ് ഇതിനായി ഉപയോഗിച്ചത്.
കേരളത്തില്‍ ആദ്യമായാണ് കേസന്വേഷണത്തില്‍ ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ രീതി ഉപയോഗിക്കുന്നത്. തിരുവനന്തപുരം പോലീസ് ഫോറന്‍സിക് ലാബിലാണ് ഇതുചെയ്തത്.
2017 സപ്തംബര്‍ 14നാണ് പോലൂര് പയിമ്പ്ര റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നേരത്തെ സൂപ്പര്‍ ഇംപോസിങ് സംവിധാനത്തിലൂടെ രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
2015 മുതല്‍ 2017 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാണാതാവല്‍ കേസുകളെ കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും മരിച്ചയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി എം. ബിനോയിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹം മാര്‍ച്ച് 13ന് പുറത്തെടുത്തു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹത്തിന്റെ തലയോട്ടിയുടെ മാതൃകയുണ്ടാക്കി.
ഫോറന്‍സിക്, നരവംശ ശാസ്ത്ര വിദഗ്ദ്ധര്‍, ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് എന്നിവരുടെ സഹായത്തോടെയാണ് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ ചെയ്തത്. നിലവില്‍ പോലീസില്‍ ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് ഇല്ലാത്തതിനാല്‍ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിച്ചു. രേഖാചിത്രവുമായി ബന്ധപ്പെട്ടുള്ളയാളുടെ വിവരങ്ങള്‍ അറിയുന്നവര്‍ ക്രൈംബ്രാഞ്ചിനെ ബന്ധപ്പെടണം. നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കും. ഫോണ്‍: 9497987306 (ഡിവൈഎസ്പി), 9497965007(എസ്ഐ), 0495 2725106 (ക്രൈംബ്രാഞ്ച് ഓഫീസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: