ലണ്ടന്‍: മാസ്ക് ജീവിതശൈലിയായി മാറുമ്പോള്‍ ലോകത്താകെ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ക്രിമിനോളജിസ്റ്റുകള്‍. കൊറോണ പ്രതിരോധത്തിന് മുഖാവരണം അനിവാര്യമാകുമ്പോള്‍ അത് ക്രിമിനലുകള്‍ മുതലെടുക്കുമോയെന്ന ആശങ്കയാണ് ലോക രാജ്യങ്ങളിലെ ക്രമസമാധാന രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്.
നിരീക്ഷണകാമറകളില്‍ നിന്ന് മുഖം മറച്ചുപിടിക്കാനുള്ള സാധ്യത ഇനി ഏറെയാണ്. മൂന്നു മാസം മുമ്പു വരെ എല്ലാവര്‍ക്കുമിടയില്‍ മുഖം മറച്ച് ഒരാളെ കണ്ടാല്‍ അത് സംശയത്തിനിട നല്‍കുമായിരുന്നു. ഇനിയങ്ങോട്ട് അതില്ല. മുഖാവരണം കൊറോണ പ്രതിരോധത്തിന്റെ മാര്‍ഗമായി മാറുകയാണല്ലോ, ബ്രിട്ടണിലെ കിങ്സ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനോളജിസ്റ്റ് ഫ്രാന്‍സിസ് ഡോഡ്സ്വര്‍ത്ത് പറയുന്നത്.
മൂക്കിനു താഴെ മൂന്നു അവസ്ഥയിലാണ് ഇനി എല്ലാവരേയും കാണേണ്ടി വരിക. അവരില്‍ നിന്ന് ഒരാളെ കണ്ടെത്തുകയെന്നത് ഇനി കുറ്റാന്വേഷണം വിഷമത്തിലാക്കും. മുഖത്തിന്റെ രേഖാചിത്രം തയാറാക്കലും ഇനി പ്രശ്നമാണ്. കണ്ണുകള്‍ കേന്ദ്രീകരിച്ചുള്ള പഠനത്തിലൂടെ ഒരാളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളിലേക്ക് ഇനി ലോകത്തെങ്ങുമുള്ള കുറ്റാന്വേഷകര്‍ മാറേണ്ടി വരും, ഫ്രാന്‍സിസ് ഡോഡ്സ്വര്‍ത്ത് പറയുന്നു.
എളുപ്പത്തില്‍ മറഞ്ഞിരിക്കാമെന്നതാണ് മാസ്ക് കൊണ്ട് കുറ്റവാളികള്‍ക്കു ലഭിക്കുന്ന നേട്ടം. ശാസ്ത്രീയ കുറ്റാന്വേഷണത്തിന് നിരീക്ഷണ കാമറകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ മാസ്ക് ധരിച്ച് വരുന്ന കുറ്റവാളികളെ തിരിച്ചറിയുന്നത് ശ്രമകരമാകും.
സിറിയയില്‍ നിന്ന് ലോക്ഡൗണ്‍ കാലത്ത് സ്പെയിനിലേക്ക് കടന്ന ഐഎസ് ഭീകരന് ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് മുഖം മറച്ച് ഒളിവില്‍ കഴിഞ്ഞത് ഫ്രാന്‍സിസ് ഡോഡ്സ്വര്‍ത്ത് ഓര്‍മിപ്പിച്ചു. ഭീകരനെ തിരിച്ചറിയാനും പിന്നീട് അറസ്റ്റ് ചെയ്യാനും സ്പാനിഷ് പോലീസ് ഏറെ പണിപ്പെട്ടിരുന്നു.
കുറ്റകൃത്യങ്ങള്‍ കോടതിയില്‍ തെളിയിക്കുന്നതില്‍ ദൃക്സാക്ഷി മൊഴികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, മുഖം മറച്ച കുറ്റവാളിയെ തിരിച്ചറിയാന്‍ ദൃക്സാക്ഷിക്കോ മൊഴിയുടെ വസ്തുത ഉറപ്പുവരുത്താന്‍ കോടതിക്കോ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പല അന്വേഷണങ്ങളുടെയും നിര്‍ണായക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. എന്നാല്‍, മാസ്ക് ധരിച്ചുള്ള മുഖങ്ങള്‍ വരുംകാലത്ത് അന്വേഷണങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ആശങ്കയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സമരക്കാര്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സും ഹോങ്കോങ്ങും നിയമം കൊണ്ടുവന്നത്. എന്നാല്‍, പുതിയ കാലത്ത് ഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാകുമോയെന്ന ചോദ്യവുമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: