കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവരെ കോറന്റൈന് ചെയ്യാന്‍ കെട്ടിടങ്ങളില്ലാതെ ഗ്രാമപഞ്ചായത്തുകള്‍. ചെന്നൈയില്‍ നിന്നെത്തിയ യുവാവിനെ രാത്രി മുഴുവന്‍ വടകരയിലെ കടത്തിണ്ണയില്‍ കിടത്തേണ്ടിവന്നത് നരിപ്പറ്റ പഞ്ചായത്തില്‍ കോറന്റൈന് ചെയ്യാന്‍ കെട്ടിടമില്ലാത്തതായിരുന്നു കാരണം.
ഇന്നലെ വീണ്ടും കോവിഡ് സ്ഥിരീകരിച്ച നരിപ്പറ്റയില്‍ പ്രവാസികളും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം വരാനിരിക്കുന്നത് മൂവായിരത്തോളം പേരുണ്ടെന്നാണ് കണക്ക്. എന്നാല്‍ പഞ്ചായത്തില്‍ സ്ഥാപന കോറന്റൈന് സൗകര്യമുള്ള ഒരു കെട്ടിടം പോലും ഒരുക്കിയിരുന്നില്ല. ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി വടകരയെത്തിയ നരിപ്പറ്റ സ്വദേശി കോറന്റൈന് കേന്ദ്രം ലഭിക്കാതെ വടകരയില്‍ കടത്തിണ്ണയില്‍ രാത്രി കഴിച്ചുകൂട്ടിയത് വിവാദമായിരുന്നു.
ഇതുവരെ 43 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നരിപ്പറ്റയില്‍ എത്തിയത്. ഇവരെല്ലാം വീടുകളിലാണ് കോറന്റൈന് ചെയ്തിരിക്കുന്ന്. 170 ഓളം പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നായി നരിപ്പറ്റയിലേക്ക് വരാന്‍ പാസ് ലഭിച്ചവരുണ്ട്. ഇവരെല്ലാം വന്നാല്‍ എങ്ങനെ കോറന്റൈനിലാക്കുമെന്നാണ് അലട്ടുന്ന പ്രശ്നം. മെയ് 8 ന് ദുബായ്- കോഴിക്കോട് വിമാനത്തില്‍ അമ്മയോടൊപ്പം കരിപ്പൂരില്‍ എത്തിയ കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ മൂന്ന് കോവിഡ് രോഗികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം എംഎല്‍എ ഇ.കെ.വിജയന്റെ സാന്നിദ്ധ്യത്തില്‍ കൈവേലിയില്‍ ചേര്‍ന്നു. കൈവേലിയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യ ക്ലിനിക്ക് ഇതിനായി പ്രയോജനപ്പെടുത്തും. കൂടുതല്‍ കോറന്റൈന് കേന്ദ്രങ്ങളാരംഭിക്കാന്‍ വീടുകള്‍ ലഭിക്കുമോ എന്നുള്ളത് അന്വേഷിക്കും. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി, വൈസ് പ്രസിഡന്റ് ടി.പി. പവിത്രന്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രീഷ്മ പ്രിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചെന്നൈയില്‍ നിന്നെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങളും പ്രചാരണങ്ങളും പരന്നതോടെ ഇന്നലെ പതിനാലാംവാര്‍ഡില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. നരിപ്പറ്റ എംഎല്‍പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്തില്‍ കോറന്റൈന് സൗകര്യമില്ലെങ്കിലും ചെന്നൈയില്‍ നിന്നെത്തിയ യുവാവ് രാത്രി മുഴുവന്‍ വടകരയില്‍ കടത്തിണ്ണയില്‍ കഴിയേണ്ടി വന്നത് കുറ്റകരമായ അനാസ്ഥയായിപ്പോയെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. ഹോം കോറൈന്റനില് കഴിഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കിയതടക്കം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും സാമൂഹ്യ വ്യാപനത്തിന് സാധ്യതയില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പവിത്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അരവിന്ദന്, എം.കെ. സൗദ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ശശി കുറുവയില്‍, സി.വി. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: