ജനീവ: മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊറോണയുടെ ഉത്ഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. തിങ്കളാഴ്ച ലോകാരോഗ്യ സംഘടനയുടെ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. നൂറിലധികം രാജ്യങ്ങളുടെ പിന്തുണ പ്രമേയത്തിന് ലഭിച്ചു.
യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രമേയത്തില്‍ വൈറസ് എങ്ങനെ മനുഷ്യനിലെത്തിയെന്നതടക്കമുള്ളവ അന്വേഷിക്കാനും ആവശ്യപ്പെടുന്നു. വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സംഘടന മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം.
അതീവ ഗുരുതര സാഹചര്യം കൈകാര്യം ചെയ്തതിലെ പോരായ്മകള്‍ കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന നവീകരിക്കേണ്ടതിന്റെ ആവശ്യവും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയെ പ്രതിസന്ധിയിലാക്കിയേക്കാവുന്ന പ്രമേയത്തിന് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ച ഓസ്ട്രേലിയ മറ്റ് രാജ്യങ്ങളുടെ പിന്തുണ സ്വാഗതം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ട യോഗമെന്നാണ് ഈ യോഗത്തെ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: