വടശ്ശേരിക്കര: നാട്ടിലിറങ്ങി മനുഷ്യർക്കും വളർത്തു മൃഗങ്ങങ്ങൾക്കും ഭീഷണിയായ നരഭോജി കടുവയെ തേടിയുള്ള തെരച്ചിൽ വനം വകുപ്പ് താത്ക്കാലികമായി അവസാനിപ്പിച്ചു. 10 ദിവസമാണ് തെരച്ചിൽ നടത്തിയത്. 88 ച:കി:മീ: ഉപ്പെടുന്ന പ്രദേശത്തു തെരച്ചിൽ നടത്തിയെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. 130 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കടുവ തിരിച്ചു കാട്ടിൽ കയറിയെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി കടുവയെ നാട്ടിൽ കണ്ടതായി വിവരങ്ങളില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വടശേരിക്കര പേഴുംപാറയിൽ ഊളകാവിൽ മിനിയും, ഭർത്താവ് ഷാജിയും കടുവയെ കണ്ട് ഭയന്നോടി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തുടർന്ന് വനംവകുപ്പ് നാല് മണിക്കൂറോളം തെരച്ചിൽ നടത്തി. കുങ്കി ആനയെ ഉപയോഗിച്ചും തെരച്ചിൽ നടത്തിയിരുന്നു. റാപിഡ് ആക്ഷൻ ഫോഴ്സും, വയനാട്ടിൽ നിന്നെത്തിയ വൈൽഡ് ലൈഫ് ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നു. ഈ പ്രദേശം ഉൾപ്പെടുന്ന റബ്ബർ തോട്ടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
എന്നാൽ പ്രദേശ വാസികളിൽ ഭീതിയിൽ തുടരുകയാണ്. ഇടവേള വിട്ടു കടുവയെ കണ്ടെന്ന പ്രചാരണമാണ് നടക്കുന്നത്. കടുവ നാട്ടിലെവിടെയോ കുറ്റിക്കാടുകളിൽ ഒളിച്ചു കഴിയുകയാണെന്നാണ് നാട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. മനുഷ്യനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ വെടി വക്കുന്നതിനായി നിയമങ്ങളുണ്ടെകിലും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പരാതി. തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും ജനവാകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: