തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉം പുന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയും കാറ്റും. വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം ഇടതടവില്ലാതെ തുടങ്ങിയ മഴയ്‌ക്ക് ഇന്നലെയും ശമനമുണ്ടായില്ല. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. ഗതാഗത തടസ്സവുമുണ്ടായി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ കോട്ടയത്ത് കനത്ത നാശനഷ്ടമുണ്ടാക്കി. വൈക്കത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരം തകര്‍ന്നു. ഗോപുരത്തിനു മുകളില്‍ പാകിയിരുന്ന ഓടുകള്‍ കാറ്റത്ത് പറന്നുപോയി. തിടപ്പള്ളി, ഊട്ടുപുര, കലാപീഠം, ആനക്കൊട്ടില്‍ എന്നിവ തകര്‍ന്നു. ഏതാണ്ട് 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ക്ഷേത്രത്തിന് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വൈദ്യുതപോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരിക്കുകയാണ്. പോസ്റ്റുകളും മരങ്ങളും വീണ് കിടക്കുന്നതിനാല്‍ പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടു. 68 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചെങ്ങന്നൂര്‍ നഗരത്തിലെ മുപ്പത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. സര്‍ണക്കടകള്‍ തുണിക്കടകള്‍, ഹോട്ടല്‍ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കൊല്ലം ചവറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരച്ചില്ല വീണു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ആലപ്പുഴ തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കാന്‍ വൈകുന്നതു കാരണം കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും ജനങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളില്‍ നങ്കൂരമിട്ടിരുന്ന വള്ളം കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും തിരമാലകളിലുംപെട്ട് കല്ലിലിടിച്ച് തകര്‍ന്നു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുറ്റുമതിലിന്റെ ഒരുഭാഗം മണ്ണിടിച്ചില്‍ മൂലം തകര്‍ന്നുവീണു. ഇന്ന് സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
















