തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ സന്ന്യാസിനി വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പരാതിക്കാരന്റെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കലിന്റെ മൊഴിയെടുത്തത്.
മെയ് 7ന് രാവിലെ പതിനൊന്നരയ്‌ക്കാണ് ദിവ്യ തിരുവല്ല പാലിയേക്കരയിലെ ബസേലിയൻ കോൺവെന്റിന്റെ കിണറ്റിൽ വീണതെന്ന് മഠത്തിലെ സിസ്റ്റേഴ്‌സ്, ലോക്കൽ പോലീസിൽ കൊടുത്ത മൊഴി കളവാണെന്നാണ് ജോമോൻ പുത്തൻപുരയ്‌ക്കൽ മൊഴിനൽകിയത്. ദിവ്യയുടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത ദിവസം, അന്ന് പുലർച്ചെയോ തലേ ദിവസം രാത്രിയിലോ ആണ് ദിവ്യ മരിച്ചിട്ടുള്ളതെന്നും മരണം സംഭവിച്ച സമയം വിലപ്പെട്ട തെളിവായതിനാൽ അത് പുറത്ത് വരാതിരിക്കാൻ മഠാധികാരികളും ലോക്കൽ പോലീസും ചേർന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴുള്ള വീഡിയോയിൽ ഇത് വ്യക്തമാണെന്നും പരാതിക്കാരൻ അന്വേഷണസംഘത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്‌ക്ക് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന് ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കണം.
എന്നാൽ ഫോറൻസിക് റിപ്പോർട്ട് വൈകുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ലോക്കൽ പോലീസിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 12നാണ് ഡിജിപി ലോക്‌നാഥ് ബഹ്റയ്‌ക്ക് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്‌ക്കൽ പരാതി നൽകിയത്. തുടർന്ന് അന്ന് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റേഞ്ച് എസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ലോക്കൽ പോലീസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
മെയ് ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചുവർഷമായി ഇവിടെ വിദ്യാർത്ഥിനിയായിരുന്നു ദിവ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: